കണ്ണൂര്‍: ലക്ഷദ്വീപുമായി ബന്ധപ്പെട്ട് പൃഥിരാജ് പറയുന്നത് പോഴത്തരമാണെന്ന് വിമര്‍ശിച്ച് എപി അബ്ദുള്ളക്കുട്ടി. അദ്ദേഹം അവിടെ പോയി ഒരു സിനിമയെടുത്തൂവെന്നല്ലാതെ മറ്റെന്താണ് ചെയ്തതെന്നും ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനും ലക്ഷദ്വീപിന്റെ ചുമതലയുള്ള നേതാവുമായ എ.പി അബ്ദുള്ളക്കുട്ടി തുറന്നടിച്ചു. കോണ്‍ഗ്രസ് അവിടെ പ്രാകൃതമായ വികസനമായിരുന്നു കൊണ്ടുവന്നത്. അതില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
നിയമമോ പരിഷ്‌കാരങ്ങളോ എന്തുമാകട്ടെ, അത് നാടിനു വേണ്ടിയല്ല അവിടത്തെ ജനങ്ങള്‍ക്കു വേണ്ടിയാണെന്നും ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളല്ല ജനങ്ങളാണ് ഒരു നാടിനെ നിര്‍വചിക്കുന്നതെന്നുമാണ് പൃഥ്വിരാജ് വിഷയത്തില്‍ അഭിപ്രായപ്പെട്ടത്. ‘ലക്ഷദ്വീപുവാസികളുടെ ശബ്ദം കേള്‍ക്കണം. അവരുടെ നാടിന് എന്താണ് നല്ലതെന്ന് അവര്‍ക്കറിയാം. അവരെ വിശ്വസിക്കൂവെന്നും താരം പറഞ്ഞിരുന്നു.
അബ്ദുള്ളക്കുട്ടിയുടെ വാക്കുകള്‍;
കേരളത്തില്‍ നിന്നുകൊണ്ട് ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകള്‍ മെനയുകയാണ്. കേരളത്തേക്കാള്‍ നല്ല രീതിയില്‍ പോവുന്ന ഒരു സ്ഥലമാണത്. നിങ്ങളാരും ദയവ് ചെയ്ത് ലക്ഷ്വദീപിനെ രക്ഷിക്കാനായി വരല്ലേയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ആരും അവിടെയുള്ള ജനങ്ങളുടെ ഭക്ഷണ രീതിയിലോ മറ്റോ ഇടപെട്ടിട്ടില്ല. സ്‌കൂളില്‍ മാത്രമാണ് മാംസാഹാരത്തിന് നിരോധനമുള്ളത്. ലക്ഷദ്വീപിന്റെ വികസനമാണ് ബി.ജെ.പിയുടെ ലക്ഷ്യം.