അന്തിക്കാട്: വീട്ടില്‍ തളര്‍ന്നു വീണ കൊവിഡ് ബാധിതനെ മാറോട് ചേര്‍ത്ത് എടുത്ത് നടന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി സന്ദീപ് പൈനൂര്‍ ആണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം. സിപിഎം ചൂരക്കോട് ബ്രാഞ്ച് സെക്രട്ടറിയാണ് സന്ദീപ് പൈനൂര്‍. വാഹനമെത്താത്ത വീട്ടില്‍ നിന്ന് കുഴഞ്ഞു വീണ 48കാരനായ കല്ലിങ്ങല്‍ മോഹന്‍ദാസിനെ എടുത്ത് മാറോട് ചേര്‍ത്ത് 250 മീറ്റര്‍ ദൂരം നടന്ന് വാഹനത്തിനടുത്ത് എത്തിക്കുകയായിരുന്നു.
തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് വിദഗ്ദ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. മോഹന്‍ദാസിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളും കൊവിഡ് ബാധിതരായി വീട്ടില്‍ ചികിത്സയിലാണ്. അതിനിടയിലാണ് വെള്ളിയാഴ്ച വൈകീട്ട് മോഹന്‍ദാസ് തളര്‍ന്ന് വീണത്. എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ കുടുംബക്കാര്‍ വാര്‍ഡ് അംഗം മേകന മധുവിനെ വിവരമറിയിച്ചു.
ശേഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറി വാഹനവുമായി പാഞ്ഞെത്തി. എന്നാല്‍ വീട്ടിലേയ്ക്ക് വാഹനം എത്താത്തത് തിരിച്ചടിയായി. സന്ദീപ് എത്തും മുന്‍പേ രോഗബാധിതയായ ഭാര്യയും മകളും ചേര്‍ന്ന് മോഹന്‍ദാസിനെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് സന്ദീപ് രോഗിയെ വാരിയെടുത്ത് മാറോടുചേര്‍ത്ത് പിടിച്ചാണ് വാഹനം കിടക്കുന്ന റോഡിലേയ്ക്ക് എത്തിക്കുകയായിരുന്നു. രോഗി സുഖംപ്രാപിച്ചുവരികയാണ്.