കുമളി: കോവിഡ് കാലത്ത് വിവാഹച്ചടങ്ങിനിടെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ വരനേയും വധുവിനേയും മാസ്‌ക് നൽകി ബോധവത്കരിച്ച് പോലീസിന്റെ നന്മ. കോവിഡിനിടെ നിയന്ത്രണങ്ങൾ പാലിച്ചു നടത്തിയ വിവാഹച്ചടങ്ങിൽ വെച്ചാണ് നവവധൂവരന്മാർക്കു മുഖാവരണത്തിന്റെ കരുതൽ മറക്കരുതെന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഉപദേശം ലഭിച്ചത്.
കമ്പം വടക്കേപെട്ടി സ്റ്റേഷൻ പരിധിയിലാണ് ഈ വൈറൽ സംഭവം അരങ്ങേറിയത്. ഇവിടെ നടന്ന വിവാഹച്ചടങ്ങിന് ശേഷം വധുവും വരനും വിവാഹമണ്ഡപത്തിൽ നിന്ന് പുറത്ത് റോഡിലേക്കിറങ്ങുകയായിരുന്നു. ഈ സമയത്താണ് സിഐ ശിലൈമണി പട്രോളിങ്ങിന്റെ ഭാഗമായി ഇതുവഴിയെത്തിയത്.
വരനും വധുവും മാസ്‌ക് ധരിച്ചിട്ടില്ലെന്ന കണ്ടതോടെ വാഹനം നിർത്തി പുറത്തിറങ്ങിയ സിഐ തന്റെ കൈവശമുണ്ടായിരുന്ന മാസ്‌ക് ഇവർക്ക് സമ്മാനിക്കുകയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന ഉപദേശവും ഇവർക്ക് നൽകിയാണ് സിഐ മടങ്ങിയത്. ഈ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ് ഇപ്പോൾ.