കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ധർമ്മജൻ ബോൾഗാട്ടിയും മണ്ഡലത്തിലെ പ്രാദേശിക കോൺഗ്രസും തമ്മിൽ തർക്കം രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനായി നടത്തിയ ഫണ്ട് പിരിവുമായി ബന്ധപ്പെട്ടാണ് ബാലുശ്ശേരിയിൽ തർക്കം ആരംഭിച്ചത്.
ധർമ്മജനെതിരേ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഗിരീഷ് മൊടക്കല്ലൂർ രംഗത്തെത്തിയതോടെയാണ് വിവാദം കൂടുതൽ കത്തിയെരിഞ്ഞത്. പണം പിരിച്ചത് ധർമ്മജന്റെ അറിവോടെയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഗിരീഷ് മൊടക്കല്ലൂർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
എന്നാൽ അഞ്ചു പൈസ താൻ ചെലവഴിച്ചിട്ടില്ലെന്നും തന്റെ അറിവോടെയല്ല പണപ്പിരിവ് നടത്തിയതെന്നും എല്ലാം കള്ളൻമാരാണെന്ന് പാർട്ടിക്കും നേതൃത്വത്തിനും മനസ്സിലായിട്ടുണ്ടെന്നും ധർമ്മജൻ സ്വകാര്യമാധ്യമത്തോട് പ്രതികരിച്ചു. ബാലുശ്ശേരിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി തന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്നും എന്നാൽ ഇതൊന്നും താഴേതട്ടിൽ എത്തിയില്ലെന്നും പണം എങ്ങോട്ട് പോയെന്ന് അന്വേഷിക്കണമെന്നുമായിരുന്നു ധർമ്മജൻ ബോൾഗാട്ടി കെപിസിസി നേതൃത്വത്തിന് നൽകിയ പരാതിയിൽ പറഞ്ഞത്. തന്റെ പേരിൽ പണപ്പിരിവ് നടത്തിയവർ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും ആദ്യഘട്ടത്തിൽ എതിർചേരിയെ നയിച്ചയാൾ തെരഞ്ഞെടുപ്പ് കൺവീനറായെന്നും ധർമ്മജൻ കെപിസിസിക്ക് നൽകിയ കത്തിൽ പറയുന്നുണ്ട്.
‘എഐസിസി, കെപിസിസി ഫണ്ടുകളും ഞാൻ നൽകിയ പണവും മാത്രമാണ് തിരഞ്ഞെടുപ്പിന് ചെലവാക്കിയത്. അപ്പോൾ പിരിച്ച പണമെവിടെ? ഞാൻ നൽകിയ പണവും താഴേത്തട്ടിൽ എത്തിയിട്ടില്ലെന്നു പരാതിയുണ്ട്. ആദ്യം എനിക്കെതിരെ കള്ള ഒപ്പിട്ടു പരാതി അയച്ചതും ഇവർ തന്നെ. പണം കുറേ ചെലവാകും എന്നു പറഞ്ഞു നിരുത്സാഹപ്പെടുത്താനാണ് സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായി മണ്ഡലത്തിൽ എത്തിയപ്പോൾ ഈ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചത്. പ്രചാരണം തുടങ്ങിയപ്പോൾ നിരന്തരം പണം ആവശ്യപ്പെട്ടു. ഒരു സിനിമാതാരത്തിന്റെ കയ്യിൽനിന്ന് സംഭാവനയായി ഒരു ലക്ഷം വീതം വാങ്ങിയാൽ പോരേ എന്നാണ് ഒരു നേതാവ് ചോദിച്ചത്. എന്നാൽ ഞാൻ ഒരാളുടെ കയ്യിൽനിന്നും തിരഞ്ഞെടുപ്പിനായി പണം വാങ്ങിയിട്ടില്ല. പണമില്ലെങ്കിൽ ഭാര്യയുടെ സ്വർണം വിറ്റു പണം നൽകാൻ വരെ അവർ എന്നോടു പറഞ്ഞു.
‘വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് നിൽക്കേണ്ടെന്നാണ് നിലവിൽ പാർട്ടി നിർദേശമുള്ളത്. അതുകൊണ്ട് കൂടുതൽ സംസാരിക്കുന്നില്ലെന്നും ഇനിയും ആരോപണവുമായി അവർ വരികയാണെങ്കിൽ അപ്പോൾ പ്രതികരിക്കാം. എന്റെ അറിവോടെയെന്ന് എങ്ങനെയാണ് അവർക്ക് പറയാൻ കഴിയുക. അത് പച്ചക്കള്ളമാണ്. ഇതുമായി ബന്ധപ്പെട്ട് ആദ്യ പരാതിയൊന്നുമല്ല ഞാൻ നേതൃത്വത്തിന് നൽകുന്നത്. ഇതിന് മുമ്പും പരാതി നൽകിയിരുന്നുവെന്നൂം ഇത് രണ്ടാമത്തെ പരാതിയാണ്’- ധർമ്മജൻ ചൂണ്ടക്കാട്ടി.
കോൺഗ്രസ് വലിയ രീതിയിൽ പണപ്പിരിവ് നടത്തിയിട്ടും അത് പ്രവർത്തനത്തിനായി ഉപയോഗിക്കുകയോ സിനിമാ നടൻ മത്സരിക്കാനെത്തിയിട്ടും കാര്യമായ പ്രചാരണ ബോർഡുകളും മറ്റും വലിയ രീതിയിൽ മണ്ഡലത്തിൽ കാണാതിരുന്നതും ഏറെ ശ്രദ്ധേയമായിരുന്നു. മാത്രമല്ല, ഒരു സിനിമാക്കാരൻ എന്ന രീതിയിലുള്ള ഇമേജ് വോട്ടാക്കി മാറ്റാനും ബാലുശ്ശേരിയിലെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ഇത് ധർമ്മജൻ സ്ഥാനാർഥി ആയി വരുന്നതിന് മുന്നെത്തന്നെയുള്ള എതിർപ്പിന്റെ തുടർച്ചയായിരുന്നെന്നാണ് ആരോപണം.
Discussion about this post