കൊച്ചി: ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറാണ് ഉത്തവ് പുറത്തിറക്കിയത്. മെയ് മാസത്തോടെ പശുക്കളെ മുഴുവന്‍ ലേലം ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം സ്വകാര്യ കമ്പനിക്ക് ലക്ഷദ്വീപില്‍ പ്രൊഡക്ഷന്‍ പ്ലാന്റ് തുടങ്ങാനും അനുമതി നല്‍കിയിട്ടുണ്ട്.
ഉത്തരവിന് എതിരെ പ്രതിഷേധവുമായി ദ്വീപ് നിവാസികള്‍ രംഗത്തെത്തി. സ്വകാര്യ പാല്‍ കമ്പനികളെ സഹായിക്കാനാണ് നടപടിയെന്നാണ് ആരോപണം. പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്ക് എതിരെ വലിയ പ്രതിഷേധമാണ് ലക്ഷദ്വീപില്‍ ഉയരുന്നത്.
ദ്വീപിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ദ്വീപില്‍ ഗോവധവും നിരോധിച്ചു. കൊവിഡ് നിയന്ത്രണങ്ങളില്‍ അയവുവരുത്തി. നിയന്ത്രണങ്ങള്‍ നീക്കിയത് ലക്ഷദ്വീപിലും വൈറസ് പടരാന്‍ കാരണമായി. സ്‌കൂള്‍ ക്യാന്റീനുകളില്‍ നിന്നും മാംസഭക്ഷണം നല്‍കുന്നതും പുതിയ അഡ്മിനിസട്രേറ്റര്‍ വിലക്കിയിരുന്നു.
ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ലക്ഷദ്വീപിലെ സമാധാന ജീവിതം തകര്‍ന്നത്.