കൊടകര കുഴൽപ്പണക്കേസ്: ബന്ധമില്ലെന്ന് പറഞ്ഞ ബിജെപി നേതൃത്വത്തെ കുഴക്കി ജില്ലാഭാരവാഹികളുടെ ഇടപെടൽ; പാർട്ടിക്കാരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ നിരത്തി പോലീസ്

kodakara

തൃശ്ശൂർ: കൊടകരയിൽ വെച്ച് കാറിടിപ്പിച്ച് വ്യാജ വാഹനാപകടമുണ്ടാക്കി കുഴൽപ്പണം കവർന്ന കേസിൽ ബിജെപിയും ജില്ലാഘടകവും പ്രതിരോധത്തിൽ. കാറിൽനിന്ന് മൂന്നരക്കോടി കവർന്ന സംഭവത്തിൽ കേസിൽ തെളിവെടുക്കുന്നതിനായി രണ്ട് ജില്ലാ ഭാരവാഹികളെയും ഉയർന്ന പദവി വഹിക്കുന്ന നേതാവിനെയും അന്വേഷണസംഘം വിളിച്ചുവരുത്തിയതാണ് ബിജെപിക്ക് നാണക്കേടായത്.

ഇതോടെ പാർട്ടിയിൽ ആർക്കും പങ്കില്ലെന്ന വാദം പരിഹാസ്യമായി. ബിജെപിയുടെ ജില്ലാ ജനറൽ സെക്രട്ടറി കെആർ ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ, പാർട്ടി മധ്യമേഖലാ സെക്രട്ടറി ജി കാശിനാഥൻ എന്നിവരെയാണ് പ്രത്യേകസംഘം വിളിച്ചുവരുത്തി തെളിവെടുത്തത്. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു പല ജില്ലാനേതൃത്വം പറഞ്ഞിരുന്നത്. എന്നാൽ, ജില്ലാനേതാക്കൾക്ക് കുഴൽപ്പണ ഇടപാട് അറിയാമായിരുന്നെന്ന് പോലീസ് പറയുന്നു.

കേസിൽ 19 പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണ് ബിജെപി നേതാക്കളെയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിരിക്കുന്നത്. പ്രതികൾ നൽകിയ തെളിവിന്റെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്. കുഴൽപ്പണക്കേസിൽ ജില്ലാനേതൃത്വത്തിനു നേരെ ആരോപണം വന്നതോടെ ആർഎസ്എസ് നേതൃത്വം ഇടപെട്ട് തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവം വിവാദമായതോടെ സംശയത്തിന്റെ മുനയിലുള്ളവർ ആരോപണം മറ്റുള്ളവരിലേക്ക് തിരിച്ചുവിടാനും ശ്രമിച്ചു.

ആരോപണവിധേയരെ സഹായിക്കാനായി പരസ്യമായി രംഗത്തെത്തിയ ജില്ലാനേതാക്കൾ ഒടുവിൽ പ്രശ്‌നം രൂക്ഷമാകുമെന്നറിഞ്ഞപ്പോൾ കാലുമാറുകയും ചെയ്തു. സംഭവവുമായി ബന്ധമില്ലെന്ന് ഊന്നിപ്പറഞ്ഞ നേതാക്കൾ ഒടുവിൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന നിലപാടിലേക്കെത്തി. സംഭവത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ സംരക്ഷണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജില്ലാഘടകത്തിന് തെറ്റി ജില്ലയിൽ നടന്ന സംഭവം അവിടെത്തന്നെ തീർക്കണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അതോടെ ജില്ലാഘടകം പ്രതിരോധത്തിലായിരിക്കുകയാണ്.

Exit mobile version