തിരുവനന്തപുരം: മഴക്കാലത്ത് റോഡുകള്‍ പൊട്ടിപ്പൊളിയാന്‍ ഇടവരരുതെന്ന കര്‍ശന നിര്‍ദേശവുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുമെന്നും അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കവെയാണ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. മുന്‍വര്‍ഷങ്ങളില്‍ മഴയില്‍ തകര്‍ന്ന റോഡുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. പതിവായി കാലവര്‍ഷത്തില്‍ റോഡുകള്‍ പൊട്ടിപ്പൊളിയുന്ന സ്ഥലങ്ങളില്‍ തകര്‍ച്ച ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ നടപടികളും സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം കൈമാറി.
ഇത്തരത്തിലുള്ള റോഡുകളുടെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് എന്‍ജിനിയര്‍ മുതല്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ വരെയുള്ള 70 ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്ങും സംബന്ധിച്ചു.
യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍ ഇങ്ങനെ;
തിരുവനന്തപുരം പൊഴിയൂരില്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന റോഡ് അടിയന്തരമായി പുനര്‍നിര്‍മിക്കും. ആലപ്പുഴ കൃഷ്ണപുരം ഹരിപ്പാട് ദേശീയപാതയുടെ അറ്റകുറ്റപ്പണിക്ക് ഫണ്ട് ലഭ്യമാക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും.
പാലക്കാട് മണ്ണാര്‍ക്കാട് ദേശീയപാതയുടെ വികസനത്തിന് സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കും. മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയിലെ അപകടാവസ്ഥയിലുള്ള കടലുണ്ടിക്കടവ് പാലത്തിന്റെ പുനഃസ്ഥാപനത്തിന് നടപടിയെടുക്കും.
താമരശ്ശേരി അടിവാരം റോഡ് നന്നാക്കുന്നത് വേഗത്തിലാക്കാനും തീരുമാനമായി. വയനാട് മണ്ണാര്‍ക്കാട് പാതയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നത് ത്വരിതപ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കും. തലശ്ശേരിയില്‍ ശോച്യാവസ്ഥയിലുള്ള പൂക്കോംമാടപ്പീടിക റോസും ഉടനടി നന്നാക്കും.