കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സൗഹൃദ ബന്ധങ്ങളും അത് തെരഞ്ഞെടുക്കുന്ന രീതിയും നിലനിര്‍ത്തി കൊണ്ടുപോകുന്നതും തന്നെ അത്ഭുതപ്പെടുത്തിയെന്ന് താരരാജാവ് മോഹന്‍ലാല്‍. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നല്ല ഹൃദയങ്ങളെ കൂടെ നിര്‍ത്തുന്നതിന്റെ പോസിറ്റീവ് ഫീല്‍ അദ്ദേഹത്തിനു കിട്ടുന്നുണ്ടാകണം. സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇത്രമേല്‍ സൂക്ഷ്മത പുലര്‍ത്തുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ലെന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന്റെ വാക്കുകള്‍;
എനിക്ക് അദ്ഭുതം തോന്നിയിട്ടുള്ളതു പിണറായി വിജയന്‍ സഖാവിന്റെ സുഹൃദ്ബന്ധങ്ങളെക്കുറിച്ചാണ്. എനിക്കും അദ്ദേഹത്തിനുമായി മൂന്നോ നാലോ പൊതുസുഹൃത്തുക്കളുണ്ട്. അദ്ദേഹത്തെക്കൊണ്ടു ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യര്‍. പിണറായിക്കും അവരെക്കൊണ്ട് ഒന്നും സാധിക്കാനില്ല. കാണുമ്പോള്‍ ഈ സുഹൃത്തുക്കളുടെ കാര്യം ചോദിക്കും. സംസാരിച്ചിരുന്നുവെന്നു പറയും.
എങ്ങനെയാണ് ഇവര്‍ അദ്ദേഹത്തിന്റെ സുഹൃത്തായതെന്ന് എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല. അവര്‍ക്കു രാഷ്ട്രീയമോ വലിയ സ്വാധീനങ്ങളോ ഇല്ല. അവര്‍ ഇടപെടുന്ന മേഖലുമായി പിണറായി സഖാവിനും ബന്ധമില്ല. കേരളത്തിനകത്തും പുറത്തും ഇന്ത്യയ്ക്കു പുറത്തും ഇത്തരം സൗഹൃദങ്ങള്‍ അദ്ദേഹത്തിനുണ്ട്. അവരില്‍ ചിലരെക്കുറിച്ചെനിക്കറിയാം. ആ നല്ല ഹൃദയങ്ങളെ കൂടെ നിര്‍ത്തുന്നതിന്റെ പോസിറ്റീവ് ഫീല്‍ അദ്ദേഹത്തിനു കിട്ടുന്നുണ്ടാകണം. സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇത്രമേല്‍ സൂക്ഷ്മത പുലര്‍ത്തുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല.
എവിടെവച്ചാണ് ഇവരെ കണ്ടുമുട്ടിയതെന്നും എങ്ങനെയാണു കൊഴിഞ്ഞുപോകാതെ സൂക്ഷിക്കുന്നതെന്നും ചോദിക്കണമെന്നു തോന്നിയിട്ടുണ്ട്. അവര്‍ക്കുവേണ്ടി സമയം കണ്ടെത്തുന്നതുപോലും എങ്ങനെയെന്ന് എനിക്കിന്നും അദ്ഭുതമാണ്. ‘വിജയനാ, എന്തൊക്കെയുണ്ടടോ, പറ’ എന്നു പിണറായി വിജയന്‍ വിളിച്ചു ചോദിക്കുന്ന ഒരാളെക്കുറിച്ചു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ. ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം.
Discussion about this post