നാടകത്തിന് താല്‍ക്കാലിക തിരശീല; നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഹോരാത്രം ഓടിനടന്ന് വീരേന്ദ്രകുമാര്‍

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ താല്‍ക്കാലികമായി നാടക വേദിക്കും കലാകാരന്മാര്‍ക്കും തിരശീല വീണത് മേഖലയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ഓടനടന്ന് പ്രവര്‍ത്തിക്കുകയാണ് നാടക കലാകാരന്‍ വീരേന്ദ്രകുമാര്‍.

കോവിഡ് രോഗബാധിതയായി അവശയായ വയോധികയെ എടുത്തുകൊണ്ടോടുന്ന ആര്‍ആര്‍ടി അംഗത്തിന്റെ വീഡിയോ വൈറലായതോടെ വീരേന്ദ്രകുമാറിന് ആശംസാ പ്രവാഹമാണ്, ഒപ്പം അഭിനന്ദനങ്ങളും. ജില്ലാമൃഗാശുപത്രിക്കു സമീപം തോട്ടില്‍പ്പറമ്പ് അയോധ്യയില്‍ വീരേന്ദ്രകുമാര്‍ ഈ ജീവിതം ആരംഭിച്ചിട്ട് ഒരു വര്‍ഷമായി.

സമൂഹത്തിനുവേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് ഓടിനടക്കുകയാണ് ഈ കലാകാരന്‍. കഴിഞ്ഞ ലോക്ഡൗണ്‍ കാലം മുതല്‍ സന്നദ്ധ സേവനവുമായി 24 മണിക്കൂറും രംഗത്തുണ്ട്. കോവിഡ് രോഗികള്‍ക്ക് സഹായം എത്തിക്കല്‍, മരിച്ചവരുടെ സംസ്‌കാരത്തിനടക്കം നേതൃത്വം വഹിക്കല്‍, രോഗികള്‍ക്ക് മരുന്ന് എത്തിക്കല്‍, കോവിഡ് കെയര്‍ സെന്ററുകളില്‍ സേവനം നല്‍കല്‍ തുടങ്ങിയതെല്ലാ വീരേന്ദ്രകുമാര്‍ ചെയ്യും. സുഹൃത്തുക്കളായ ബാലാജി, സമീഷ്, ഉബേഷ്, സജീര്‍ തുടങ്ങിയവരും വിളിപ്പുറത്തുണ്ട്.

വിവിധ സംഘടനകളുടെ സഹായത്തോടെ ആവശ്യക്കാര്‍ക്ക് ഭക്ഷ്യക്കിറ്റ് എത്തിക്കാനും വീരേന്ദ്രനുണ്ട്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ പലരും സമീപിക്കുന്നതും വീരേന്ദ്രകുമാറിനെയും സംഘത്തെയുമാണ്. എല്ലാ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്.

Exit mobile version