തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധയേറ്റ് കേരളത്തിലും മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി അനീഷയാണ് മരണപ്പെട്ടത്. 32 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് അനീഷ മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.
നേരത്തെ കൊല്ലത്ത് 62കാരന്റെ ഒരു കണ്ണ് ബ്ലാക്ക് ഫംഗസ് മൂലം ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. പിന്നാലെയാണ് കേരളത്തില്‍ ആദ്യ മരണം സ്ഥിരീകരിച്ചത്. അതേസമയം ബ്ലാക് ഫംഗസ് രോഗത്തെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയക്കുകയും ചെയ്തു.
ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വവും മാരകവുമായ അണുബാധയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മ്യൂക്കര്‍ എന്ന വിഭാഗം ഫംഗസുകള്‍ മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം. മുഖം, മൂക്ക്, കണ്ണ്, തലച്ചോര്‍ എന്നിവയെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടല്‍, മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥയ്ക്ക് കാരണമായേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.