കണ്ണൂർ: തുടർഭരണത്തിലേക്ക് പിണറായി സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുന്നത് നേരിട്ട് കാണാൻ പോയില്ലെങ്കിലും ടെലിവിഷന് മുന്നിലിരുന്ന് ഇമവെട്ടാതെ ചടങ്ങ് മുഴുവൻ വീക്ഷിച്ച് ചാലാടൻ ജനാർദനൻ. അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിക്കുന്ന ദൃശ്യത്തിനൊപ്പം ടിവിയിൽ തെളിഞ്ഞ പുതുചരിത്രം പിറന്നുവെന്ന വാക്കുകൾ കണ്ടതോടെ ഈ ബീഡിത്തൊഴിലാളി വലതു മുഷ്ടിചുരുട്ടി ആ ദൃശ്യത്തെ അഭിവാദ്യം ചെയ്തു ലാൽസലാം മുഴക്കി. പിന്നെ രണ്ടുകൈയും കോർത്തുപിടിച്ച് അഭിവാദ്യംചെയ്യുമ്പോൾ അദ്ദേഹം വിതുമ്പിപ്പോയി. ജീവിതത്തിൽ കാണാനായി ഏറ്റവുമധികം കൊതിച്ചിരുന്ന കാഴ്ച കണ്ടതോടെ ആനന്ദക്കണ്ണീർ ധാരയായി ഒഴുകി.
ബീഡി തെറുത്ത് ഈ ജീവിതകാലത്ത് ബാക്കിയായ തന്റെ സമ്പാദ്യത്തിൽ നിന്നും 850 രൂപമാത്രം ബാക്കിവെച്ച് രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവനചെയ്താണ് ജനാർദനൻ എല്ലാവരേയും ഞെട്ടിച്ചത്. നാടിന് വേണ്ടി സ്വയം ത്യജിച്ച അദ്ദേഹത്തിനെ സത്യപ്രതിജ്ഞാ ചടങ്ങിലെ ചുരുക്കം അതിഥികളിൽ ഒരാളായി ക്ഷണിക്കുകയും ചെയ്തിരുന്നു. 216ാം നമ്പർ അതിഥിയായിരുന്ന ജനാർദനൻ പക്ഷേ, പോയില്ല. പകരം വീട്ടിലിരുന്ന് ടെലിവിഷനിൽ കണ്ടാൽ മതിയെന്ന് തീരുമാനിച്ചു. മൂന്നരയ്ക്കുതുടങ്ങിയ ചടങ്ങിന് മൂന്നുമണിമുതൽ മുഴുവൻ വോളിയത്തിൽ ടിവി തുറന്നുവെച്ച് കാത്തിരിക്കുകയായിരുന്നു.
കോവിഡും ലോക്ക്ഡൗണും കാരണം മാത്രമല്ല യാത്ര വേണ്ടെന്ന് വെച്ചത് ഒരു വർഷംമുമ്പ് ഭാര്യ രജനി വിടപറഞ്ഞശേഷം ദൂരെ പോകാറില്ലെന്നതു കൊണ്ടു കൂടിയാണ്. ജനാർദനനെ ക്ഷണിക്കാനായി എത്തിയ റവന്യൂ ഉദ്യോഗസ്ഥനോടും ഇത് സൂചിപ്പിച്ചിരുന്നു. സത്യപ്രതിജ്ഞാദിവസമായ വ്യാഴാഴ്ച തനിച്ചായിരുന്നു വീട്ടിൽ. കൂടെ താമസിക്കുന്ന മകൾ നവീനയും കുഞ്ഞും ഭർത്തൃവീട്ടിലായിരുന്നു.
Discussion about this post