ചെന്നൈ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഷൂട്ടിംഗ് നടന്ന ബിഗ് ബോസ് മലയാളം സീസണ് 3യുടെ സെറ്റ് പൂട്ടി സീല്‍ ചെയ്ത് അധികൃതര്‍. തമിഴ്നാട്ടിലെ ഇവിപി ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് മലയാളം സീസണ് 3 നടന്നിരുന്നത്.
തിരുവള്ളൂര്‍ റെവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പര്‍കവിയുള്‍പ്പെടെയുള്ള സംഘമാണ് തമിഴ്നാട്ടിലെ ചെമ്പരംമ്പക്കത്തെ ബിഗ് ബോസ് സെറ്റിലെത്തി ഷോ നിര്‍ത്തിച്ചത്.
ഷോ അവസാനിക്കാന്‍ അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് നടപടി.
സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന പേരില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം ബിഗ് ബോസിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഒപ്പം ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
കോവിഡ് വ്യാപനത്തിനിടയില്‍ സിനിമാ ടെലിവിഷന്‍ ചിത്രീകരണം നടത്തരുതെന്ന് നേരത്തെ അധികൃതരുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് ഷോയുടെ ചിത്രീകരണം പുരോഗമിച്ചിരുന്നു.
‘ഞങ്ങള്‍ സെറ്റിലെത്തുകയും ഗ്ലാസ് ഡോറിലൂടെ അകത്ത് ആളുകളെ കാണുകയും ചെയ്തു. ഏഴ് മത്സരാര്‍ത്ഥികളും ക്യാമറാമാനും ടെക്നീഷ്യന്‍സും ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകരും പ്രൊഡക്ഷന്‍ സ്റ്റാഫുകളും സെറ്റിലുണ്ടായിരുന്നു. 95 ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയായി ഇനി അഞ്ച് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂവെന്നും 100 ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ അനുമതി നല്‍കിയില്ല.
എല്ലാവര്ക്കും പിപിഇ കിറ്റ് നല്‍കുകയും ഹോട്ടലിലേക്ക് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. സെറ്റ് സീല്‍ ചെയ്യുകയും ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു,’ തിരുവള്ളൂര്‍ റെവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പര്‍കവി പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിഗ് ബോസിലെ ആറ് അണിയറ പ്രവര്‍ത്തകര്‍ക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സെറ്റിന് പുറത്തു നിന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഭക്ഷണം വാങ്ങിയിയിരുന്നത്. ഇതാകാം കോവിഡ് വ്യാപനത്തിനിടയാക്കിയതെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്.
Discussion about this post