അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കും: ജീവിത നിലവാരം അന്താരാഷ്ട തലത്തിലെത്തിയ്ക്കും; ആദ്യ മന്ത്രിസഭയുടെ പദ്ധതികള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതലയേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ഫയലില്‍ ഒപ്പിട്ടു. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ 141 റൂമിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിക്ക് പുറമെ എല്ലാ മന്ത്രിമാരും ഓഫീസിലെത്തി ചുമതലയേറ്റു.

എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭ അധികാരമേറ്റ ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നീ രംഗത്തുണ്ടായ നേട്ടങ്ങളെ ശക്തിപ്പെടുത്തും.

സാമൂഹ്യക്ഷേമം സാമൂഹ്യനീതി സ്ത്രീസുരക്ഷ തുടങ്ങിയ മേഖലകളെ ശാക്തീകരിക്കും. 5 വര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കും. അതിദാരിദ്ര്യമുള്ള കുടുംബത്തെ കണ്ടെത്തി ദാരിദ്ര്യരേഖയ്ക്കു മുകളില്‍ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസത്തെ നവീകരിക്കാന്‍ പ്രത്യേക നയം രൂപീകരിക്കും. യുവജനങ്ങള്‍ക്കു മികച്ച തൊഴില്‍ സൃഷ്ടിക്കും.

25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങള്‍ക്കു സമമാക്കാനാണ് ലക്ഷ്യമിടുന്നത്. 5 വര്‍ഷം കൊണ്ട് നെല്ലിന്റെയും പച്ചക്കറികളുടെയും ഉല്‍പ്പാദനം ഇരട്ടിപ്പാക്കാനുള്ള ലക്ഷ്യത്തോടെ മുന്നോട്ടുപോകും.

ജനങ്ങള്‍ക്കു താല്‍പര്യം അര്‍ഥശൂന്യമായ വിവാദത്തിലല്ല, നാടിന്റെ വികസനത്തിലാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സംഘര്‍ഷമല്ല, സമാധാനമാണ് ജനം ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധരാകുന്നോ അവര്‍ക്കൊപ്പമാണ് ജനമെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ജാതി, വര്‍ഗീയത കുത്തിപ്പൊക്കി തങ്ങളുടെ ഇംഗിതം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിനൊപ്പം നില്‍ക്കാന്‍ കേരള ജനത തയാറാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് ഇന്ന് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.

കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുറഹ്‌മാന്‍, ജിആര്‍ അനില്‍, കെഎന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദന്‍ മാസ്റ്റര്‍, പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വിഎന്‍ വാസവന്‍, വീണ ജോര്‍ജ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്കുള്ള പ്രവേശനം.

Exit mobile version