തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാരനാവുക എന്നാൽ കൊടുംകുറ്റവാളിയെന്ന് ചാപ്പകുത്തുന്ന അടിയന്തരാവസ്ഥ കാലത്ത് പോലീസിന്റെ ക്രൂരമർദ്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടും തളരാത്ത പോരാട്ട വീര്യമാണ് പിണറായി വിജയനെ ഇന്നത്തെ പിണറായിയെന്ന നായകനാക്കിയത്. തുടർച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രി പദവിയും ആഭ്യന്തര ചുമതലയും ഏറ്റെടുത്ത പിണറായിയുടെ രാഷ്ട്രീയ യാത്ര ഒരുകാലത്തും പുഷ്പദലങ്ങൾ കൊണ്ട് വിരിച്ച പരവതാനിയിൽ ചവിട്ടിയായിരുന്നില്ല. ഭരണകൂടത്തിന്റെ അധികാര ധാർഷ്ട്യം ക്രൂരമായി പ്രഹരമേൽപ്പിച്ച പാടുകൾ ഇന്നും അദ്ദേഹത്തിന്റെ ദേഹത്തുണ്ടായിരിക്കാം.
അടിയന്തരാവസ്ഥ കാലത്തെ പോലീസ് കിരാത വാഴ്ചയിൽ ജയിൽവാസവും നീണ്ട ആശുപത്രി വാസവും ഏറ്റുവാങ്ങിയ പിണറായി പിന്നീട് നിയമസഭയിലെത്തി നടത്തിയ ചരിത്ര പ്രസംഗം എന്നും കേരളം ഓർത്തിരിക്കുന്നതാണ്. എംഎൽഎയായിരിക്കെയാണ് പിണറായി പോലീസിന്റെ കൊടിയ പീഡനത്തിന് ഇരയായത്.
അന്ന് എംഎൽഎയായിരിക്കെ കൂത്തുപറമ്പിലെ വീട്ടിൽനിന്ന് പോലീസ് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച പിണറായിയുടെ കാലുകൾ ഒടിഞ്ഞുതൂങ്ങിയിരുന്നു. 20 മിനിട്ടുനേരത്തെ മർദനത്തിൽ വസ്ത്രങ്ങൾ പോലും പറിഞ്ഞുപോയി. നടക്കാൻ കഴിയാത്തതിനാൽ എടുത്താണ് ജീപ്പിലേക്കു കയറ്റി ജയിലേക്കു കൊണ്ടുപോയതും പിന്നീട് ആശുപത്രിയിലാക്കിയതും. ജയിൽവാസത്തിനുശേഷം തിരിച്ചുവന്ന് 1977 മാർച്ച് 30നാണ് നിയമസഭയെ കണ്ണീരിലും രോഷത്തിലും മുക്കിയ ആ ചരിത്ര പ്രസംഗം അരങ്ങേറിയത്.
പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ: ‘കമ്മ്യൂണിസ്റ്റുകാരെ മിസ നിയമപ്രകാരം അറസ്റ്റു ചെയ്ത 1975 സെപ്റ്റംബർ 28 രാത്രിയാണ് വീട്ടിൽ വച്ചു പോലീസ് പിടിച്ചത്. എന്റെ വീട് ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിലാണ്. കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്ടറാണ് എന്നെ പിടിക്കാൻ വന്നത്. വീട്ടിൽവന്ന് കതകു തട്ടി വിളിച്ചു. ഞാൻ കതകു തുറന്നു. ചോദിച്ചു-എന്താണ്? അറസ്റ്റ് ചെയ്യാനാണ്, പ്രത്യേക നിർദേശമുണ്ട്. ആരിൽനിന്നുള്ള നിർദേശം? എസ്പിയിൽനിന്ന്. ഡ്രസ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്കു പോയി. ലോക്കപ്പ് ചെയ്യണമെന്നു പറഞ്ഞു. ലോക്കപ്പിലേക്കു പോകും വഴിക്ക് എനിക്കു പായ തന്നു. ഞാൻ ലോക്കപ്പ് മുറിയിൽ പായ ഇട്ടിരുന്നു’
‘ലോക്കപ്പ് മുറിയിൽ ലൈറ്റില്ല. രണ്ടു ചെറുപ്പക്കാർ മുറി തുറന്ന് അകത്തുവന്നു. ഞാൻ എഴുന്നേറ്റു. ഒരാൾ പേരു ചോദിച്ചു. വിജയനെന്നു മറുപടി നൽകി. ചെറുപ്പക്കാർ ആ സ്റ്റേഷനിൽ ഉള്ളവരല്ല. ഇതിനായി പുറത്തുനിന്ന് പ്രത്യേകം കൊണ്ടുവന്നതാണ്. അവർ രണ്ടുപേർ ആദ്യ റൗണ്ട് അടിച്ചു. സിഐ അടക്കം 3 പൊലീസുകാർ പിന്നീടു കടന്നു വന്നു. അങ്ങനെ അഞ്ചായി. അഞ്ചാളുകൾ ഇട്ടു തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. പല ഘട്ടങ്ങളിലായി പല പ്രാവശ്യമായി ഞാൻ വീഴുന്നുണ്ട്. എഴുന്നേൽക്കുന്നുണ്ട്. പല പ്രാവശ്യം വീണു, പലപ്രാവശ്യം എണീറ്റു. ഏഴുന്നേൽക്കാൻ കഴിഞ്ഞപ്പോഴൊക്കെ എഴുന്നേറ്റു.
അവസാനം എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയായി. പൂർണമായും വീണു. ഏഴുന്നേൽക്കാത്തതോടുകൂടി അവരെല്ലാവരും മാറിമാറി ദേഹത്തു ചവിട്ടി. എത്രമാത്രം ചവിട്ടാൻ കഴിയുമോ അത്രമാത്രം ചവിട്ടി. അവർ ക്ഷീണിക്കുന്നതുവരെ തല്ലി പത്തു പതിനഞ്ച് ഇരുപതു മിനിട്ട്. എന്നിട്ട് അവർപോയി. പിറ്റേന്നു വരെ ഞാൻ അങ്ങനെ കിടന്നു. തല്ലിനിടയിൽ മുണ്ട് പോയി, ഷർട്ട് പോയി, ബനിയൻ പോയി’.രാവിലെ 10 മണിക്കു കണ്ണൂരിലേക്കു കൊണ്ടുപോയി. നടക്കാൻ വയ്യാത്തതിനാൽ എടുത്താണ് ജീപ്പിൽ കയറ്റിയത്.’
‘കണ്ണൂരിൽനിന്ന് രാത്രി 12 മണിയോടെ സെൻട്രൽ ജയിലിലേക്കു മാറ്റി. തല്ലിന്റെ പാടുകൾ കാണിച്ചെങ്കിലും അതു രേഖപ്പെടുത്താൻ ഡപ്യൂട്ടി ജയിലർ തയാറായില്ല. പിറ്റേദിവസം രാവിലെ ഡോക്ടർ വന്നു എന്നെ ആശുപത്രിയിലാക്കി. അവിടെവച്ച് കാലിൽ പ്ലാസ്റ്ററിട്ടു. ആറാഴ്ചക്കാലം പ്ലാസ്റ്റർ കാലിൽ കിടന്നു. മാസങ്ങളോളം പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നമ്മളെല്ലാം രാഷ്ട്രീയക്കാരാണ്. പക്ഷേ, ഒരാളെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മൃഗീയമായി തല്ലാൻ നേതൃത്വം കൊടുക്കുകയെന്നു പറഞ്ഞാൽ അതു രാഷ്ട്രീയമാണോ? ഇതാണോ രാഷ്ട്രീയം? രാഷ്ട്രീയമായി ഇങ്ങനെ എതിർക്കാൻ ശ്രമിക്കരുത്. ഇതാർക്കും ഭൂഷണമല്ല’.
Discussion about this post