കോഴിക്കോട്: പിഎ മുഹമ്മദ് റിയാസിനെ രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗമായി പ്രഖ്യാപിച്ച ദിനം തൊട്ട് ആരംഭിച്ച വ്യക്തിഹത്യകൾക്ക് മറുപടിയുമായി മുൻഎസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും സഹപ്രവർത്തകനുമായ ടിപി ബിനീഷ്. മുഖ്യമന്ത്രിയുടെ മരുമകൻ മാത്രമല്ല റിയാസെന്നും കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് 1992ൽ ആരംഭിച്ച ഇടതുപക്ഷത്തെ നെഞ്ചേറ്റിയുള്ള യാത്രയാണ് ഇന്ന് മന്ത്രിപദത്തിൽ എത്തി നിൽക്കുന്നതെന്ന് ബിനീഷ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ പിഎം അബ്ദുൾ ഖാദറിന്റെ മകൻ പിന്നീട് സ്‌കൂളിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐയുടെ ഭാഗമായത് തൊട്ടുള്ള റിയാസിന്റെ വിസ്തൃതമായ അനുഭവങ്ങളുടെ നേർചിത്രമാണ് ചുരുങ്ങിയ വാക്കുകളിൽ ബിനീഷ് വിവരിക്കുന്നത്.
ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് പിഎ മുഹമ്മദ് റിയാസ് ലോക ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദുമായി മത്സരിച്ച് 44 നീക്കങ്ങൾ വരെ പൊരുതി നിന്ന സംസ്ഥാന സബ്ജൂനിയർ ചെസ് ചാമ്പ്യനാണ്. എംഎസ്എഫിന്റെ പച്ചക്കോട്ടയായ ഫാറൂഖ് കോളേജിൽ നിന്നും എസ്എഫ്‌ഐ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറും ജില്ലാ എക്‌സിക്യുട്ടീവ് അംഗവുമായി ആരംഭിച്ചതാണ് റിയാസിന്റെ സമര ജീവിതം. അന്നുതൊട്ടുള്ള രാഷ്ട്രീയ പ്രവർത്തന അനുഭവങ്ങളും ഇടപെടലുകളുമാണ് ഇന്നത്തെ സഖാവ് മുഹമ്മദ് റിയാസായി രൂപപ്പെടുത്തിയതെന്ന് സ്വന്തം അുഭവത്തിന്റെ കൂടി വെളിച്ചത്തിൽ ബിനീഷ് വരച്ചിടുകയാണ് ഇവിടെ.
പിഎ മുഹമ്മദ് റിയാസിനെ കുറിച്ച് ടിപി ബിനീഷ് ഒഞ്ചിയം ഫേസ്ബുക്കിൽ കുറിച്ചതിനെ:
മുഖ്യമന്ത്രിയുടെ മരുമകൻ മാത്രമല്ല അയാൾ… കോഴിക്കോട് സെന്റ് ജോസഫ് സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ ലോക ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദുമായി മത്സരിച്ച് 44 നീക്കങ്ങൾ വരെ പൊരുതി നിന്ന സംസ്ഥാന സബ്ജൂനിയർ ചെസ് ചാമ്പ്യൻ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായ പി.എം അബ്ദുൾ ഖാദറിന്റെ മകൻ പിന്നീട് സ്‌കൂളിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐയുടെ ഭാഗമായപ്പോൾ ആശ്ചര്യമായിരുന്നു എല്ലാവർക്കും. 1992 ൽ ഫറോഖ് കോളേജിൽ പ്രഡിഗ്രി വിദ്യാർത്ഥി.1994 ൽ ഫറോഖ് കോളേജിൽ B.com ബിരുദ വിദ്യാർത്ഥി,
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി.ഫറോഖ് ഏരിയാ കമ്മറ്റിയംഗം. എം.എസ്.എഫിന്റെ പച്ചക്കോട്ടയിൽ നിന്ന് തെരഞ്ഞെടുപ്പിൽ ജയിച്ച് കോഴിക്കോട് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറും ജില്ലാ എക്‌സിക്യുട്ടീവ് അംഗവുമായി. 1997 ൽ എസ്.എഫ്.ഐ സിറ്റി ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടേറിയേറ്റംഗം. കോഴിക്കോട് ലോ കോളേജിൽ നിന്നും ഒന്നാം ക്ലാസോടെ നിയമബിരുദം. പിന്നീട് കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനായ എൻ.ഭാസ്‌കരൻ നായരുടെ കൂടെ കുറച്ചു കാലം അഭിഭാഷക വൃത്തിയിൽ. യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറി മുതൽ അഖിലേന്ത്യാ പ്രസിഡണ്ട് വരെയുള്ള നിരവധി ചുമതലകൾ അദ്ദേഹം നിർവ്വഹിച്ചു.
കോട്ടൂളി,മുതലക്കുളം യൂണിറ്റുകളുടെ സെക്രട്ടറി, കോഴിക്കോട് ടൗൺ മേഖലാ സെക്രട്ടറി, നോർത്ത് ബ്ലോക്ക് പ്രസിഡണ്ട്,സെക്രട്ടറി, കോഴിക്കോട് ജില്ലാ ജോഃ സെക്രട്ടറി, ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയുമായി. തുടർന്ന് സംസ്ഥാന ജോ. സെക്രട്ടറി യുവധാര മാസികയുടെ മാനേജർ. 2017 ൽ എറണാകുളത്ത് വെച്ച് നടന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ പ്രസിഡണ്ട്. മുഹമ്മദ് അഖ്‌ലാഖ് ഉൾപ്പെടെയുള്ളവരെ പശുവിന്റെ പേരിൽ സംഘപരിവാരം കൊലപ്പെടുത്തിയപ്പോളും, ഡി.വൈ.എഫ്.ഐ നേതാവായ തിരുനൽവേലിയിലെ അശോകിനെ ജാതിക്കോമരങ്ങൾ കൊലപ്പെടുത്തിയപ്പോളും നീതിക്കായുള്ള പോരാട്ടത്തിന്റെ നേതൃത്വമായി അദ്ദേഹമുണ്ടായിരുന്നു. ഭൂമിയുടെ ശ്വാസകോശമായ ആമസോൺ മഴക്കാടുകൾ നശിപ്പിക്കരുതെന്ന് പറയാൻ അദ്ദേഹമുണ്ടായിരുന്നു.
2009 ൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ടായിരിക്കുമ്പോൾ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ചു. ഫാരിസ് അബൂബകറിന്റെ ബന്ധുവാണെന്നായിരുന്നു അപ്പോൾ അദ്ദേഹത്തിനെതിരായുള്ള വ്യാജ പ്രചരണം.
യുവജന രംഗത്ത് പ്രവർത്തിക്കുമ്പോഴാണ് ഞാനദ്ദേഹത്തെ പരിചയപ്പെടുന്നത്. 2005 ൽ കൗൺസിലിംഗ് സമരകാലത്ത് ആദ്യമായി അദ്ദേഹത്തെ കാണുമ്പോൾ ഞാൻ അഴിക്കുള്ളിലും അദ്ദേഹം പുറത്തുമായിരുന്നു. പിന്നീട് എന്റെ പ്രവർത്തന കേന്ദ്രം കോഴിക്കോട്ടായപ്പോൾ ആ ബന്ധം ഊഷ്മളമായി. 2011 ൽ ഞാൻ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും അദ്ദേഹം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ കാലം കോഴിക്കോട് വിദ്യാർത്ഥി യുവജന സരങ്ങളുടെ പ്രഭവകേന്ദ്രമായി. യു.ഡി.എഫ് സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ തെരുവിൽ തീപടർന്ന കാലം.
പിതാവ് കമ്മീഷണറായി പ്രവർത്തിച്ച അതേ നഗരത്തിൽ വെച്ചു തന്നെ നിരവധി തവണ അദ്ദേഹം പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. കോഴിക്കോട് നടന്ന എണ്ണമറ്റ വിദ്യാർത്ഥി സമരങ്ങൾ ചോരയിൽ കുതിർന്നപ്പോൾ ഞങ്ങളെ താങ്ങിയെടുക്കാൻ ഓടിയെത്തുന്ന അദ്ദേഹത്തെയാണ് കണ്ടത്.
ഒരു ദിവസം ഞങ്ങൾ കോഴിക്കോട്ടെ SFI പ്രവർത്തകർ സ്വാശ്രയ നയത്തിനെതിരെ DDE ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. മതിലിനേക്കാൾ ഉയർന്നു നിൽക്കുന്ന ബാരിക്കേഡ് ചാടികടന്നതും പോലീസിന്റെ അടി പുറത്ത് വീണതും ഒരുമിച്ചായിരുന്നു. എല്ലാവർക്കും പൊതിരെ കിട്ടി തല്ല്. നിലത്തൂടെ വലിച്ചിഴച്ചാണ് പോലീസ് ബസിൽ കയറ്റിയത്. അവിടുന്ന് കിട്ടിയതിന് പുറമെ ബസിലിട്ടും പൊതിരെ തല്ലി. പിന്നീട് കസബ സ്റ്റേഷനിലെ ലോക്കപ്പിലേക്കാണ് നേരെ പോയത്. അവിടെ എത്തുമ്പോൾ ചിലരുടെ തലപ്പൊട്ടി ചോരയൊലിക്കുന്നുണ്ട്.
പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ കൊണ്ടു പോവണമെന്നായി ഞങ്ങൾ. ബഹളങ്ങളാലും മുദ്രാവാക്യങ്ങളാലും മുഖരിതമാണ് സ്റ്റേഷൻ അന്തരീക്ഷം. അവിടേക്കാണ് dyfi നേതാവായ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വരുൺ ഭാസ്‌കറും,ബി.ബിജേഷും,ഒ.എം.ഭരദ്വാജും, ഷാജി മുതലക്കുളം ഉൾപ്പെടെയുള്ളവർ കൊടുങ്കാറ്റ് പോലെയെത്തിയത്. ആരും അകത്തേക്ക് കയറരുതെന്ന് പോലീസും കയറുമെന്ന് റിയാസ്‌ക്കയുടെ നേതൃത്വത്തിൽ സഖാക്കളും.
തർക്കം ഉപരോധത്തിലേക്കെത്തി. അവസാനം അസിസ്റ്റന്റ് കമ്മീഷണർ വന്നതിന് ശേഷമാണ് സമരം അവസാനിച്ചത്. തുടർന്ന് എന്നെ ഉൾപ്പടെയുള്ള സഖാക്കളെ താങ്ങിയെടുത്ത് അദ്ദേഹം നേരെ ആശുപത്രിയിലേക്കും… ഇങ്ങനെ കോഴിക്കോട് എപ്പോഴൊക്കെ വിദ്യാർത്ഥി സമരങ്ങൾ നടന്നിട്ടുണ്ടോ അപ്പൊഴെല്ലാം പിന്തുണയുമായി അദ്ദേഹം ഓടിയെത്തിയിട്ടുണ്ട്. നിർമൽ മാധവ് സമരത്തെ തുടർന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തിയപ്പോൾ യുവജന സമരത്തിന്റെ ഭാഗമായി റിമാന്റ് തടവുകാരനായ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജയിലിലുള്ളിലുള്ള സഖാക്കൾ മുദ്രാവാക്യം വിളികളുമായാണ് ഞങ്ങളെ സ്വീകരിച്ചത്.
സി.പി.ഐ(എം) ന്റെ കോട്ടപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി,ടൗൺ ലോക്കൽ കമ്മറ്റി അംഗം, നോർത്ത് ഏരിയാ കമ്മറ്റി അംഗം, കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം, ഇപ്പോൾ പാർടിയുടെ സംസ്ഥാന കമ്മറ്റിയംഗമായും അദ്ദേഹം പ്രവർത്തിച്ചു വരികയാണ്. മോട്ടോർ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു സിറ്റി കമ്മറ്റിയുടെ പ്രസിഡണ്ടായി ഓട്ടോ തൊഴിലാളികൾക്കിടയിൽ അദ്ദേഹം പ്രവർത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻ കൂടിയാണ് അദ്ദേഹം.
അയാൾ മുഖ്യമന്ത്രിയുടെ മരുമകൻ മാത്രമല്ല. ഇത്തരം അനുഭവങ്ങൾ,ഇടപെടലുകൾ രൂപപ്പെടുത്തിയതാണ് സഃമുഹമ്മദ് റിയാസിനെ.