പാലക്കാട്: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തെ കാത്തുകിടന്ന ഗുരുതരമായി കോവിഡ് ബാധിച്ച വയോധിയ്ക്ക് അവരുടെ മതവിശ്വാസപ്രകാരം അന്ത്യയാത്ര നൽകിയ ഡോ. രേഖ കൃഷ്ണന് നന്ദി പറയുകയാണ് സോഷ്യൽമീഡിയ. ബന്ധുക്കളാരും അടുത്തില്ലാതിരുന്നതോടെയാണ് രേഖ ആ കർത്തവ്യം ഏറ്റെടുത്തത്. ഡോക്ടർ ചെയ്തത് വലിയൊരു പുണ്യപ്രവർത്തിയാണെന്ന് സഹപ്രവർത്തകരും വാർത്തയറിഞ്ഞ ഓരോരുത്തരും പറയുന്നു.
ഇഹലോക വാസം വെടിഞ്ഞ് ആ ഉമ്മ മരണത്തെ പുൽകുമ്പോൾ ഉറ്റവർ അരികിലുണ്ടായിരുന്നില്ല. അവർ ചൊല്ലിക്കൊടുക്കേണ്ട ‘ശഹാദത്ത് കലിമ’ ചൊല്ലി ആ ഉമ്മയെ യാത്രയാക്കിയത് ഡോ. രേഖ കൃഷ്ണനാണ്. ഇസ്ലാം മതവിശ്വാസ പ്രകാരം മരണസമയത്ത് അടുത്തുള്ളവർ ചൊല്ലികൊടുക്കേണ്ട പ്രാർഥനയാണിത്.പിന്നീട് ഇക്കാര്യം സഹപ്രവർത്തകനായ ഡോ. മുസ്തഫയോട് പറഞ്ഞപ്പോഴാണ് താൻ ചെയ്തത് വലിയ പുണ്യമാണെന്ന് രേഖയും തിരിച്ചറിഞ്ഞത്. രേഖ ‘കലിമ’ ചൊല്ലിയത് ഡോ.മുസ്തഫ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് പുറംലോകം ഇക്കാര്യം അറിഞ്ഞത്.
കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായ വയോധികയ്ക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന് വ്യക്തമായ ഘട്ടത്തിലാണ് വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കുടുംബം സമ്മതിച്ചത്. കോവിഡ് ആയതിനാൽ ബന്ധുക്കൾക്കൊന്നും അന്ത്യനിമിഷങ്ങളിൽ അവരുടെ അടുത്ത് നിൽക്കാൻ കഴിയില്ല. ഡോ. രേഖയായിരുന്നു പരിചരിച്ച് കൂടെയുണ്ടായിരുന്നത്. ഡോക്ടർ വെന്റിലേറ്റർ മാറ്റിയതോടെ മരണത്തിലേക്കുള്ള യാത്രയിൽ അവർ ബുദ്ധിമുട്ടുന്നതാണ് കാണാനായത്. ഈ കാഴ്ച ഹൃദയം നുറുക്കിയതോടെ് മാന്യമായി ഭൂമിയിൽ നിന്നുള്ള യാത്രയയപ്പും ഉറപ്പാക്കേണ്ടത് ഡോക്ടറുടെ കടമയാണെന്ന് രേഖ തിരിച്ചറിഞ്ഞത്.
”ഹൃദയമിടിപ്പും രക്തസമ്മർദവും നാഡിമിടിപ്പുമെല്ലാം കുറഞ്ഞു തുടങ്ങി. അവർ ശ്വാസമെടുക്കുന്ന ദൈന്യത കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത വിഷമം തോന്നി. കുടുംബാംഗങ്ങളാരും അടുത്തില്ല. നമുക്കാർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. അവർക്കായി പ്രാർത്ഥിക്കാനായിരുന്നു ആദ്യം തോന്നിയത്. എന്തുകൊണ്ട് അവരുടെ തന്നെ വിശ്വാസ പ്രകാരമുള്ള വിടപറച്ചിലായിക്കൂടാ എന്ന് ഉള്ളിൽ നിന്നാരോ ചോദിച്ചു. അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല എന്ന ഖേദകരമായ സ്ഥിതിവിശേഷത്തിൽ ഞാൻ അവരുടെ കണ്ണുകളടച്ച് ചെവിയിൽ ശഹാദത് കലിമ ചൊല്ലിക്കൊടുക്കുകയായിരുന്നു.’- രേഖ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചതിങ്ങനെ.
ഇതിനിടെ, തന്നെ സ്പർശിച്ച ഒരു കാര്യമുണ്ടായെന്നും രേഖ കൂട്ടിച്ചേർക്കുന്നു. ‘ഞാൻ ചൊല്ലിക്കൊടുക്കാൻ തുടങ്ങിയപ്പോൾ അവർ രണ്ടുപ്രാവശ്യം നീണ്ട ശ്വാസമെടുത്തു. അതോടെ നാഡിമിടിപ്പ് സമരേഖയായി. ആ ഉമ്മക്ക് ഭൂമിയിൽ നിന്ന് പോകാൻ തടസമുള്ളപ്പോൾ ആരോ നമ്മളെ അങ്ങനെ തോന്നിപ്പിച്ച് ചെയ്യിപ്പിച്ചതാണെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്’ഡോ. രേഖ പറയുന്നു.
18 വയസുവരെ ദുബായിയിൽ പഠിച്ച രേഖയ്ക്ക് അറബി ഭാഷയും നന്നായി കൈകാര്യം ചെയ്യാനറിയാം. മുമ്പ് മരണവീടുകൾ സന്ദർശിക്കുന്നതിനിടെ ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കുന്നത് കേട്ടിട്ടുണ്ടെന്ന് ഡോ. രേഖ പറയുന്നു. അറബി അറിയാവുന്നതിനാൽ തന്നെ അർത്ഥവും മനസിലാക്കി എടുത്തു. ഇതാണ് കേരളത്തിലെത്തി ജോലി ചെയ്യുമ്പോഴും രേഖയ്ക്ക് സഹായകരമായത്.
പല വിശ്വാസമുള്ളവരും പല സംസ്കാരമുള്ളവരുടെയും ഒപ്പം ജീവിച്ചതിനാൽ എല്ലാം മനസിലാക്കാനും കഴിഞ്ഞു. അതെല്ലാം ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും രേഖ വിശദീകരിക്കുന്നു. അമ്പലത്തിൽനിന്ന് പ്രാർഥിച്ച് പുറത്തിറങ്ങിയാൽ തൊട്ടടുത്ത പള്ളിയിലേക്ക് കൂടി നോക്കി പ്രാർഥിക്കാൻ പറഞ്ഞാണ് മാതാപിതാക്കൾ പഠിപ്പിച്ചത്. നമ്മുടെ വിശ്വാസത്തിനൊപ്പം മറ്റുള്ളവരുടെയും വിശ്വാസത്തെയും ബഹുമാനിക്കുക എന്നതാണ് അവർ പറഞ്ഞു തന്നത്. അത് ഞാനും പിന്തുടരുന്നു. റംസാൻ സമയത്ത് ഇന്നും എന്റെ മുന്നിലെത്തുന്ന രോഗികളുടെ മുന്നിൽവെച്ച് വെള്ളം പോലും കുടിക്കില്ല. അത് അവരോടുള്ള ബഹുമാനമാണെന്നും രേഖ അഭിപ്രായപ്പെടുന്നു.
Discussion about this post