അദ്ദേഹം തന്നെ ഫോണെടുക്കും അല്ലെങ്കില്‍ 10 മിനുട്ടിനകം തിരിച്ച് വിളിക്കും: യെസ് അല്ലെങ്കില്‍ നോ തീരുമാനം ഉറപ്പ്; മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍ അറിയിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന പിണറായി വിജയന് ആശംസകളുമായി വിഡി സതീശന്‍ എംഎല്‍എ.

ഒരു കാര്യത്തിന് വിളിച്ചാല്‍ അതിന് കൃത്യമായ മറുപടിയും തീരുമാനമുണ്ടാവുമെന്നത് പിണറായി വിജയനോട് അടുപ്പം തോന്നിച്ച ഘടകമാണെന്ന് വിഡി സതീശന്‍ പറഞ്ഞു.
മഹാപ്രളയത്തിന്റെയും കോവിഡ് മാഹമാമാരിയുടെയും കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചിട്ടുണ്ട്, പലവട്ടം.

ഒന്നുകില്‍ അദ്ദേഹം തന്നെ ഫോണെടുക്കും. അല്ലെങ്കില്‍ 10 മിനുട്ടിനകം തിരിച്ച് വിളിക്കും. എന്നിട്ട് പറയുന്ന കാര്യം ശ്രദ്ധിക്കും. അതിനു ശേഷം ഒരു മറുപടി അദ്ദേഹമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ നമ്മെ അറിയിക്കും. അതെന്നെ തീര്‍ച്ചയായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സംസാരിച്ചാല്‍ യെസ് എന്നോ നോ എന്നോ പറയും. നോ എന്നാണ് പറയുന്നതെങ്കില്‍ അതിന്റെ കാരണവും വ്യക്തമായി പറയും. യെസ് ആണെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണ്. അത് ശരിയാണ്. എന്നിട്ട് വേണ്ട നടപടിയും സ്വീകരിക്കും. എന്തായാലും വിളിച്ചാല്‍ ഒരു തീരുമാനമുണ്ടാവും. രാഷ്ട്രീയ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളില്‍ അദ്ദേഹത്തോട് അടുപ്പം തോന്നിച്ച ഒരു ഘടകമാണിത്,’ വിഡി സതീശന്‍ പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളാണ് ഇന്ന് മൂന്നരയ്ക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്. സെക്രട്ടറിയേറ്റിന് പിന്നിലായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുക്കും.

രാവിലെ 930 ഓടെ മുഖ്യമന്ത്രിയും സിപിഎം, സിപിഐ നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്രവയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പോയി പുഷ്പാര്‍ച്ചന നടത്തിയിരുന്നു.

Exit mobile version