തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ വ്യാഴാഴ്ച വൈകിട്ട് 3.30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
പങ്കെടുക്കുന്നവര്‍ ഉച്ചതിരിഞ്ഞ് 2.45ന് മുന്‍പ് സ്റ്റേഡിയത്തില്‍ എത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്.ടി.പി.സി.ആര്/ട്രൂനാറ്റ്/ആര്.ടി ലാബ് നെഗറ്റീവ് റിസള്‍ട്ടോ, കോവിഡ് വാക്സിനേഷന് അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വയ്ക്കണം. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ടെസ്റ്റിനുള്ള സൗകര്യം എം.എല്‍.എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്സ് ഒന്ന് മന്ദിരത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സെക്രട്ടറിയേറ്റ് അനക്സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിര്‍വശമുള്ള ഗേറ്റുകള്‍ വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ക്ഷണക്കത്തിനൊപ്പം ഗേറ്റ്പാസും കാര്‍ പാസും ഉള്ളടക്കം ചെയ്തിട്ടുണ്ട്.
കാര്‍ പാര്‍ക്കിംഗ് സൗകര്യം സെക്രട്ടറിയേറ്റ് മെയിന്‍ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്സ്-രണ്ട് മന്ദിരം, കേരള സര്‍വകലാശാല കാമ്പസ്, യൂണിവേഴ്സിറ്റി കോളേജ്, ഗവ. സംസ്കൃത കോളേജ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഇരട്ട മാസ്ക് ധരിക്കുകയും കോവിഡ്- 19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പടുകൂറ്റന്‍ പന്തലിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുക്കും.
ക്ഷണിക്കപ്പെട്ട 500 ഓളം പേര് ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിയുക്ത മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കും സാമൂഹിക അകലം പാലിച്ച് ഇരിക്കാന്‍ മുഖ്യ പന്തലില്‍ വിശാലമായ വേദി ഒരുക്കിയിട്ടുണ്ട്. ഇരുവശങ്ങളിലുമായി അതിഥികള്‍ക്കായി രണ്ട് പന്തലുകളും ഉണ്ട്. ഇവിടെ സജ്ജമാക്കിയിട്ടുള്ള സ്ക്രീനില്‍ തത്സമയം ചടങ്ങ് വീക്ഷിക്കാം. രാവിലെ ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ എത്തി സ്റ്റേഡിയത്തില്‍ സുരക്ഷ പരിശോധന നടത്തി.
സിപിഎമ്മിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12, സിപിഐയ്ക്ക് നാലും മന്ത്രിസ്ഥാനങ്ങളുണ്ട്. കേരള കോണ്‍ഗ്രസ് എം, എന്‍സിപി, ജനങ്ങള്‍ എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിച്ചു. നാല് ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിപദം വീതിച്ചു നല്കി. ആദ്യഘട്ടത്തില്‍ ഐഎന്‍എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നിവര്‍ക്കാണ് സ്ഥാനം ലഭിക്കുന്നത്.
Discussion about this post