തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ദുരിതാശ്വാസനിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായിരുന്ന രണ്ട് ലക്ഷം രൂപ നല്‍കിയ ബീഡിത്തൊഴിലാളിയായ ജനാര്‍ദ്ദനനെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
കണ്ണൂരിലെ ബീഡിത്തൊഴിലാളിയായ ജനാര്‍ദ്ദനന്‍ പേരുപോലും പുറത്ത് അറിയിക്കാതെ വാക്‌സീന്‍ ചലഞ്ചിനായി പണം നല്‍കിയിരുന്നു. അഞ്ച് പതിറ്റാണ്ട് കാലത്തെ ജനാര്‍ദ്ധനന്റെ അധ്വാനത്തില്‍ മിച്ചം വന്ന 20850 രൂപയില്‍ 850 രൂപ മാത്രം ബാക്കിവെച്ച് മിച്ചമുള്ള രണ്ടുലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
വാക്‌സീന്‍ വാങ്ങാന്‍ ഈ പണം മുഴുവന്‍ എടുത്ത് നല്‍കാന്‍ തന്റെ ദുരിതങ്ങളോ പ്രയാസങ്ങളോ ഒന്നും ജനാര്‍ദ്ധനന് തടസ്സമായില്ല. കേള്‍വി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങള്‍ അലട്ടിയിട്ടും തളരാതെ അധ്വാനിച്ചുണ്ടാക്കിയ പണമാണ് യാതൊരു മടിയുമില്ലാതെ ജനാര്‍ദ്ധനന്‍ സംഭാവന നല്‍കിയത്.
വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്ന് വാക്കുനല്‍കിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു ജനാര്‍ദ്ധനന്‍ പറഞ്ഞത്.
മേയ് 20 നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ 500 പേരെയാണ് പങ്കെടുപ്പിക്കുന്നത്.
140 എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുക്കും. പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം നിജപ്പെടുത്തിയിട്ടുണ്ട്. ന്യായാധിപര്‍, ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെയാണ് 500 പേരെന്നും മുഖ്യമന്ത്രി പറഞ്ഞു.