കൊച്ചി: മാധ്യമപ്രവര്‍ത്തനത്തിനോട് വിട പറഞ്ഞ് രാഷ്ട്രീയത്തിലെ അങ്കത്തട്ടിലേക്ക് ഇറങ്ങിയ വീണാ ജോര്‍ജിനെ രണ്ടാമൂഴത്തില്‍ കാത്തിരുന്നത് മന്ത്രിക്കസേരയാണ്. ചാനലുകളില്‍ തിളങ്ങിനിന്നിരുന്ന സമയത്തായിരുന്നു വീണാ ജോര്‍ജിന്റെ അപ്രതീക്ഷിതമായ രാഷ്ട്രീയപ്രവേശനം.
ആറന്മുളയില് തുടര്‍ച്ചയായ രണ്ടാം വട്ടവും കോണ്‍ഗ്രസിലെ കെ ശിവദാസന്‍നായരെ പരാജയപ്പെടുത്തിയാണ് വീണ മന്ത്രിപദത്തിലേക്ക് എത്തുന്നത്. മാധ്യമപ്രവര്‍ത്തകയായ ആദ്യമന്ത്രിയും പത്തനംതിട്ടയുടെ ആദ്യമന്ത്രിയുമാവുകയാണ് രണ്ടാം പിണറായി സര്‍ക്കാറിലൂടെ വീണാ ജോര്‍ജ്.
ആറന്മുള മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘവീക്ഷണത്തിന്റെയും, ഇച്ഛാശക്തിയുടെയും ഫലമായി ആറന്മുളയില് നിന്നു തുടര്‍ച്ചയായ രണ്ടാം ജയം. ഇത്തവണ 19,003 വോട്ടിനാണ് ശിവദാസന്‍ നായരെ തോല്പിച്ചത്.
നാല്പത്തി അഞ്ചുകാരിയായ വീണാ ജോര്‍ജ് എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.
മലയാള മാധ്യമ രംഗത്തെ പ്രഥമ വനിത എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ടിച്ചു. കൈരളി, ഇന്ത്യാവിഷന്, മനോരമ ന്യൂസ്, റിപ്പോര്‍ട്ടര്‍ ടി,വി, ടിവി ന്യൂ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു.
2012 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് വീണാ ജോര്‍ജ്. 2016ല്‍ നിയമസഭതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി മാധ്യമമേഖലയില്‍ നിന്ന് സ്വയം വിരമിച്ചു.
പത്തനംതിട്ട ജില്ലയിലെ കുമ്പഴ വടക്ക് സ്വദേശിനിയാണ്. തിരുവനന്തപുരം വിമന്‍സ് കോളജില്‍നിന്നു ഫിസിക്സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഒരു വര്‍ഷത്തോളം അധ്യാപികയായി. മലങ്കര ഓര്‍ത്തഡോക്സ് സഭാ മുന്‍ സെക്രട്ടറിയും അധ്യാപകനുമായ ഡോ.ജോര്‍ജ് ജോസഫാണ് ഭര്‍ത്താവ്. അന്നാ, ജോസഫ് എന്നിവര്‍ മക്കള്‍.
Discussion about this post