തിരുവനന്തപുരം: പുതുമുഖ മന്ത്രിമാരുമായി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണ്. സിപിഎമ്മിന്റെ യുവ പോരാളി എംബി രാജേഷാണ് പുതിയ നിയമസഭാ സ്പീക്കര്‍.
വിടി ബല്‍റാമില്‍ നിന്ന് തൃത്താല മണ്ഡലം പിടിച്ചടക്കിയ രാജേഷ് പാര്‍ലമെന്റേറിയന്‍ എന്ന നിലയിലെ മികച്ച പ്രവര്‍ത്തനവും യുവത്വവുമാണ് ഈ സ്ഥാനത്തേക്ക് തുണയായത്. രണ്ട് തവണ എംപിയായി പ്രവര്‍ത്തിച്ച രാജേഷിന് നിയമസഭയില്‍ ഇത് പുതിയ തുടക്കമാണ്.
അതേസമയം എംബി രാജേഷും കഴിഞ്ഞ നിയമസഭയില്‍ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനും തമ്മിലുള്ള സാമ്യതകള്‍ സോഷ്യല്‍ലോകത്ത് ശ്രദ്ധേയമാകുകയാണ്.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശിയായ ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനമൊഴിയുമ്പോള്‍ പകരം വരുന്നത് അയല്‍ജില്ലക്കാരനായ രാജേഷ്. മാത്രമല്ല കോളേജ് കാലം മുതലേ ശ്രീരാമകൃഷ്ണന്റെ പിന്‍ഗാമി തന്നെയാണ് രാജേഷ്.
ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലാണ് ഇരുവരും ബിരുദപഠനം നടത്തിയത്. കോളേജിലെ എസ്എഫ്ഐയില്‍ തുടങ്ങി ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് പദവി വരെയും രാജേഷ് ശ്രീരാമകൃഷ്ണന്റെ ‘പിന്‍ഗാമി’യാണ്.
എസ്എഫ്‌ഐ എന്‍എസ്എസ് കോളേജ് യൂണിറ്റ് പ്രസിഡണ്ട്, എസ്എഫ്‌ഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് പദവികളില്‍ തുടങ്ങി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട്, സെക്രട്ടറി പദവികളിലും സമാനത തുടര്‍ന്നു.
ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് സ്ഥാനം രാജേഷ് ഏറ്റെടുത്തതും ശ്രീരാമകൃഷ്ണനില്‍ നിന്നുതന്നെ. ഡിവൈഎഫ്‌ഐ മുഖപത്രമായ ‘യുവധാര’യിലും ഇരുവരും പദവികള്‍ വഹിച്ചു.
സ്വകാര്യ ജീവിതത്തിലുമുണ്ടൊരു സമാനത. ഇരുവര്‍ക്കും മക്കള്‍ രണ്ട്. മൂത്ത മകള്‍ക്ക് ഇരുവരും ഇട്ടത് ഒരേ പേര് തന്നെ: നിരഞ്ജന.
ശ്രീരാമകൃഷ്ണന് ശേഷം സഭയും സ്പീക്കര്‍ വസതിയായ നീതിയും ഒരുങ്ങുന്നത് എംബി രാജേഷിനെ സ്വീകരിക്കാനാണ്. രാജ്യത്തെ ഏറ്റവും മികച്ച സ്പീക്കര്‍ക്കുള്ള ഭാരതിയ ഛാത്ര സന്‍സദിന്റെ (ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റ്) പുരസ്‌കാരം ശ്രീരാമകൃഷ്ണന്‍ നേടിയിരുന്നു. എംബി രാജേഷി രാജേഷിലൂടെ ആ മികവ് തുടരുമെന്ന് പ്രതീക്ഷിക്കാം.
Discussion about this post