കൊച്ചി: എൽഡിഎഫ് സർക്കാർ വീണ്ടും സർക്കാർ രൂപീകരിക്കുമ്പോൾ അതിന്റെ ഭാഗമായി മാറാൻ കളമശ്ശേരിയിൽ നിന്നും ജയിച്ചു കയറിയ പി രാജീവിനെ പാർട്ടി നിയോഗം ഏൽപ്പിക്കുമ്പോൾ അത് കാലത്തിന്റെ കാവ്യനീതി മാത്രം. മികച്ച പാർലമെന്റേറിയനെന്ന് പേരെടുത്താണ് സൻസദ് രത്‌ന പുരസ്‌കാരവുമായി പി രാജീവ് രാജ്യസഭയിൽ നിന്നും പടിയിറങ്ങിയത്. രാജ്യം തന്നെ ആദരിക്കുന്ന പാർലമെന്റേറിയനായി മാറിയ രാജീവിന്റെ പിന്നീടുള്ള യാത്ര സംസ്ഥാന രാഷ്ട്രീയത്തിന് ഒപ്പമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറായ പി രാജീവ് പത്തു വർഷമായി മുസ്ലിം ലീഗ് അടക്കിവാഴുന്ന കളമശ്ശേരിയിലാണ് മിന്നും വിജയം സ്വന്തമാക്കിയത്.
15,336 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാജീവ് ആദ്യമായി നിയമസഭയിലെത്തുമ്പോൾ മന്ത്രിസ്ഥാനം നൽകിയാണ് അദ്ദേഹത്തെ ആദരിച്ചിരിക്കുന്നത്. സ്‌കൂൾ കാലം മുതൽ ഇടതുപക്ഷ സഹയാത്രികനായിരുന്നു പി രാജീവ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തിളങ്ങിയ അദ്ദേഹം പിന്നീട് എറണാകുളത്തെ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സിഐടിയു ജോയിന്റ് സെക്രട്ടറിയുമായി.
2009ലാണ് അദ്ദേഹം കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 2016ൽ അവസാനിച്ച രാജ്യസഭാ കാലഘട്ടം അദ്ദേഹത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ കൂടി തിളങ്ങുന്ന അധ്യായമാണ്. അദ്ദേഹം രാജ്യസഭാംഗത്വത്തിൽ നിന്ന് വിരമിക്കുമ്പോൾ രാഷ്ട്രീയ എതിർപക്ഷത്തുള്ള മുതിർന്ന അംഗങ്ങളായ ബിജെപിയുടെ അരുൺ ജെയ്റ്റ്‌ലിയും കോൺഗ്രസിന്റെ ഗുലാംനബി ആസാദും വരെ രാജീവിനെ രണ്ടാംവട്ടവും രാജ്യസഭയിൽ എത്തിക്കണമെന്ന ആവശ്യമുയർത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു.
പാർലമെന്റിലേക്ക് നൽകിയ സംഭാവന പരിഗണിച്ച് സൻസദ് രത്‌ന പുരസ്‌കാരം നൽകിയായിരുന്നു രാജ്യസഭയിലെ പി രാജീവിന്റെ യാത്രയയപ്പ്. ഐടി ആക്ടിലെ വിവാദമായ 66(എ) വകുപ്പിനെതിരെ രാജ്യസഭയിൽ അവതരിപ്പിച്ച പ്രമേയം ദേശീയശ്രദ്ധ നേടി. ഈ നിയമം പിന്നീട് സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യസഭയിലെ ചെയർമാൻ പാനൽ അംഗവും അഷ്വറൻസ് കമ്മിറ്റി ചെയർമാനുമായിരുന്നു.
2013ൽ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയെ രാജ്യത്തെ പ്രതിനിധീകരിച്ച് അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, സ്പീക്കർ എന്നിവർക്കൊപ്പം ലോകരാഷ്ട്രങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘങ്ങളിലും അംഗമായിരുന്നു. എംപി ഫണ്ട് ഉപയോഗിച്ച് ആരോഗ്യവിദ്യാഭ്യാസ മേഖലകളിൽ ആവിഷ്‌കരിച്ച പദ്ധതികളും മറ്റു സംസ്ഥാനങ്ങളിലെ എംപിമാരുടെ ഫണ്ടും പൊതുസ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ടും സ്വകാര്യ സംഭാവനകളും ഏകോപിപ്പിച്ചുള്ള മാതൃകയും രാജീവിന്റെ നേട്ടങ്ങളാണ്.
രാജ്യസഭാ കാലഘട്ടത്തിനു ശേഷം സംസ്ഥാനത്തെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായ രാജീവ് 2018 വരെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എറണാകുളത്തു നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ പടയോട്ടത്തിൽ ഹൈബി ഈഡനെതിരേ പരാജയപ്പെട്ടു. അഞ്ചു പുസ്തങ്ങളുടെ കർത്താവു കൂടിയായ രാജീവ് നിലവിൽ ദേശാഭിമാനി മുഖ്യപത്രാധിപർ കൂടിയാണ്. പ്രവർത്തന മണ്ഡലങ്ങളിലെല്ലാം കഴിവുതെളിയിച്ച പി രാജീവ് നിയമസഭയിലും മന്ത്രിസഭയിലും ആദ്യമായി സാന്നിധ്യം അറിയിക്കുമ്പോൾ സംസ്ഥാനത്തിനും പ്രതീക്ഷകൾ ഏറെയാണ്.
Discussion about this post