പത്തനംതിട്ട: കനറാ ബാങ്ക് പണത്തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വര്‍ഗീസിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസ്. കഴിഞ്ഞ ദിവസമാണ് കനറാ ബാങ്ക് പത്തനംതിട്ട ശാഖയിലെ തട്ടിപ്പുകേസില്‍ വിജീഷ് വര്‍ഗീസ് പിടിയിലായത്. വിജീഷിന്റെ ജീവിത പശ്ചാത്തലം കേട്ട് ഞെട്ടിയിരിക്കുകയാണ് അന്വേഷണ സംഘം.
പത്തനാപുരം ആവണീശ്വരം സ്വദേശിയാണ് വിജീഷ്, അധ്യാപക ദമ്പതിമാരുടെ മകന്.
ഭാര്യ എയ്ഡഡ് സ്കൂള്‍ അധ്യാപിക. പ്ലസ്ടു പഠനം പൂര്‍ത്തിയായ ഉടന്‍ ഇന്ത്യന്‍ നേവിയില്‍ ജോലി. ജോലിക്കിടെ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കി. 2002 മുതല്‍ 2017 ജൂലായ് വരെ ഇന്ത്യന്‍ നേവിയില്‍ പെറ്റി ഓഫീസറായിരുന്നു വിജീഷ്.
ജോലിയില്‍ നിന്ന് വിരമിച്ചശേഷം 2017 സെപ്റ്റംബറിലാണ് കൊച്ചി സിന്‍ഡിക്കേറ്റ് ബാങ്കില്‍ പ്രൊബേഷനറി ക്ളാര്‍ക്കായി നിയമിക്കപ്പെടുന്നത്. 2019 ജനുവരിയിലാണ് പത്തനംതിട്ട ബ്രാഞ്ചിലേക്കെത്തിയത്. ഏപ്രിലില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കില്‍ ലയിച്ചിരുന്നു.
പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി 8.13 കോടി രൂപയാണ് ബാങ്ക് ജീവനക്കാരനായിരിക്കെ വിജീഷ് കവര്‍ന്നത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയ ഇയാളെ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയും കുട്ടികളും പ്രതിയ്ക്കൊപ്പമുണ്ടായിരുന്നു.
പത്തുലക്ഷം രൂപയുടെ ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്യപ്പെട്ടു എന്ന പരാതിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കനറാ ബാങ്ക് അധികൃതര്‍ ആരംഭിച്ച പരിശോധനയിലാണ് വിജീഷിന്റെ തട്ടിപ്പ് പുറത്ത് വരുന്നത്.
ഒരിക്കലും കണ്ടുപിടിക്കില്ലെന്നുറപ്പിച്ചായിരുന്നോ കോടികളുടെ തട്ടിപ്പ് നടത്തിയതെന്ന പോലീസുദ്യോഗസ്ഥരുടെ ചോദ്യത്തോടും ഉറച്ച മറുപടിയാണ് വിജീഷ് നല്‍കിയത്. ‘ഏതൊരു ബാങ്കിലും തട്ടിപ്പ് അരങ്ങേറിയാല്‍ പരിശോധനയില്‍ അത് ഉറപ്പായും കണ്ടെത്തുക തന്നെ ചെയ്യും. അത് അറിയാമായിരുന്നു’-വിജീഷ് പറഞ്ഞു. പിന്നെന്തുകൊണ്ട് ഈ കൃത്യത്തിന് മുതിര്‍ന്നുവെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ. ‘അതേപ്പറ്റി പറയാനാണെങ്കില്‍ കുറെ ചരിത്രമുണ്ട് സാര്‍. പതിയെ വിശദമായി പറയാം.’
പണം കൈമാറ്റം ചെയ്യാനായി ഉപയോഗിച്ച പ്രതിയുടെ ഭാര്യയുടെയും ഭാര്യാപിതാവിന്റെയും അക്കൗണ്ടുകള്‍ പ്രതി സ്വാധീനമുപയോഗിച്ച് വ്യാജമായി എടുത്തതാണോയെന്നും ശാസ്ത്രീയാന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം, കവര്‍ന്ന 8.13 കോടി രൂപ എങ്ങോട്ടുപോയെന്ന് കണ്ടെത്താനാവാതെ കുഴങ്ങുകയാണ് പോലീസ്. പണം മാറ്റിയ വിജീഷിന്റെ മൂന്ന് അക്കൗണ്ടുകളും നിലവില്‍ കാലിയാണ്.
ഭാര്യയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലേക്കും മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കുമായി ആറരക്കോടി രൂപയോളം വിജീഷ് മാറ്റിയിരുന്നു. നിലവില്‍ ഈ അക്കൗണ്ടുകളില്‍ പലതിലും മിനിമം ബാലന്‍സ് തുക മാത്രമാണ് അവശേഷിക്കുന്നത്. ചിലതില്‍ ഒരു രൂപ പോലുമില്ല.
തട്ടിപ്പ് പുറത്തുവന്നതോടെ അക്കൗണ്ടുകളെല്ലാം നേരത്തെ മരവിപ്പിച്ചിരുന്നെങ്കിലും അതിനു മുന്‍പേ പണം പിന്‍വലിച്ചതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തട്ടിയെടുത്തതില്‍ വലിയൊരു സംഖ്യ വിജീഷ് ഓഹരി വിപണിയില്‍ നിക്ഷേപിച്ചതായാണു മൊഴി. ഇക്കാര്യം സ്ഥിരീകരിക്കാനായി പോലീസ് ബന്ധപ്പെട്ട അക്കൗണ്ടുകള്‍ പരിശോധിക്കും.
Discussion about this post