തിരുവനന്തപുരം: സിപിഐ മന്ത്രിമാരെ പ്രഖ്യാപിച്ചു. കെ രാജൻ, പി പ്രസാദ്, ജെ ചിഞ്ചുറാണി, ജിആർ അനിൽ എന്നിവരെയാണ് മന്ത്രിമാരായി പ്രഖ്യാപിച്ചത്. 1964 ന് ശേഷം ശേഷം സിപിഐയിൽ നിന്ന് തെരഞ്ഞെടുക്കുന്ന ആദ്യ വനിതാ മന്ത്രിയാണ് ചിഞ്ചുറാണി.
സിപിഐക്ക് ഏറ്റവും ശക്തിയുള്ള കൊല്ലം, തൃശ്ശൂർ ജില്ലകളിൽനിന്നാണ് ചിഞ്ചുറാണിയും കെ രാജനും മന്ത്രിസ്ഥാനത്തേക്ക് വരുന്നത്. ചിഞ്ചുറാണിയും കെ രാജനും പി പ്രസാദും പാർട്ടി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. ചിഞ്ചുറാണിയും ഇ ചന്ദ്രശേഖരനും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നതിനുപുറമേ ദേശീയ കൗൺസിൽ അംഗങ്ങളുമാണ്. ഈ മാനദണ്ഡപ്രകാരം ചന്ദ്രശേഖരന്റെ പേരും പരിഗണനയിലുണ്ടായിരുന്നുവെങ്കിലും ചിഞ്ചുറാണിക്ക് നറുക്ക് വീഴുകയായിരുന്നു. ഇ ചന്ദ്രശേഖരനാണ് നിയമസഭാ കക്ഷി നേതാവ്. മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപി എസ് സുപാലാണ് നിയമസഭാ കക്ഷി സെക്രട്ടറി.
അവസാനഘട്ടം വരെ നാദാപുരത്ത് നിന്നുള്ള ഇകെ വിജയന്റെ പേരും മന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നതെങ്കിലും കോഴിക്കോട് ജില്ലാ ഘടകത്തിന്റെ എതിർപ്പ് കാരണം അവസാന നിമിഷം സംസ്ഥാന എക്‌സിക്യൂട്ടീവിൽ ജിആർ അനിലിന്റെ പേരിന് മുൻതൂക്കം ലഭിക്കുകയായിരുന്നു.