കൊച്ചി: അര്‍ബുദത്തെ ചെറുപുഞ്ചിരിയോടെ പോരാടി ലോകത്തോട് വിടപറഞ്ഞ നന്ദുമഹാദേവ കേരളത്തിന്റെ കണ്ണീര്‍മുഖമാണ്. കാന്‍സറിനോട് അവസാന നിമിഷം വരെയും പടപൊരുതിയാണ് നന്ദു മരണം വരിച്ചത്. നന്ദുമഹാദേവ എങ്ങും പോയിട്ടില്ലെന്ന് അമ്മ ലേഖ കുറിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അവര്‍ കുറിപ്പുമായി എത്തിയത്.
നന്ദുമഹാദേവ…എങ്ങും പോയിട്ടില്ല. നിങ്ങളില്‍ ഓരോരുത്തരില്‍ കൂടെയും. ആയിരം സൂര്യന്‍ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും. ഹൃദയം പൊട്ടുന്ന വേദന അനുഭവിക്കുമ്പോഴും. അവന്റെ അമ്മ തളര്‍ന്ന് പോകില്ല. ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോന്‍ ആണ് നന്ദുമഹാദേവ. ഞങ്ങള്‍ തളര്‍ന്ന് പോകില്ല അവന്‍ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു. കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ… നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങള്‍ നമുക്ക് ഒരുമിച്ചു നിറവേറ്റണമെന്ന് ലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ ധീര പോരാളി കൂടിയായിരുന്നു നന്ദു. ഇതോടെ കൊഴിഞ്ഞുപോയത് അര്‍ബുദത്തോട് മല്ലടിക്കുന്ന ഒരു കൂട്ടര്‍ക്കുണ്ടായിരുന്ന ധൈര്യം കൂടിയായിരുന്നു. അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പുകയരുത് ജ്വലിക്കണമെന്ന ആശയത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന ആളുകൂടിയായിരുന്നു നന്ദു.
മരണ വേദനയിലും ചിരിയോടെ നേരിട്ട് അര്‍ബുദ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു നന്ദു. അവസാന നാളുകളില്‍ പോലും ഒരു ചെറുചിരിയോടെ മാത്രമായിരുന്നു നന്ദു പ്രത്യക്ഷപ്പെട്ടത്. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്ത് സ്വയം മാതൃക കൂടി കാണിച്ചു തരികയായിരുന്നു നന്ദു മഹാദേവ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
നന്ദുമഹാദേവ…
എങ്ങും പോയിട്ടില്ല
നിങ്ങളിൽ ഓരോരുത്തരിൽ കൂടെയും.
ആയിരം സൂര്യൻ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും.
ഹൃദയം പൊട്ടുന്ന വേദന
അനുഭവിക്കുമ്പോഴും.
അവന്റെ അമ്മ തളർന്ന് പോകില്ല.
ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോൻ ആണ് നന്ദുമഹാദേവ.
ഞങ്ങൾ തളർന്ന് പോകില്ല അവൻ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു.
കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ…
നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങൾ നമുക്ക് ഒരുമിച്ചു നിറവേറ്റണം.