കൊച്ചി : എറണാകുളം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയെങ്കിലും കൊച്ചി നഗരത്തില്‍ ജനത്തിരക്കിന് കുറവില്ല. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്നവരുടെ എണ്ണം മൂലം പൊലീസ് പരിശോധനാ കേന്ദ്രങ്ങളിലെല്ലാം കടുത്ത വാഹനത്തിരക്കാണ്.
ഓരോ വാഹനവും കര്‍ശന പരിശോധനയ്ക്ക് ശേഷമേ കടത്തി വിടുന്നുള്ളൂ. സത്യവാങ്മൂലമോ ഇ-പാസ്സോ ഇല്ലാത്ത വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇ-പാസ് ലഭിക്കാത്തവരെ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടാല്‍ കടത്തി വിടുന്നുണ്ട്.റേഷന്‍ കടകളും ആരോഗ്യ കേന്ദ്രങ്ങളും ഒഴികെ മറ്റൊരു കടകളും തുറക്കാന്‍ അനുവദിച്ചിട്ടില്ല. ആളുകള്‍ പുറത്തിറങ്ങുന്നതിനും കര്‍ശന നിയന്ത്രണമുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണുകളുടെ പ്രവേശന കവാടങ്ങളിലെല്ലാം പൊലീസുണ്ട്. ക്വാറന്റീന്‍ പരിശോധനയ്ക്ക് വാര്‍ഡ് കമ്മിറ്റികളെയും കൗണ്‍സിലര്‍മാരുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകരെയും നിയോഗിച്ചു.
ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ക്കുള്ള കടകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ ജനം നിരത്തിലിറങ്ങുമോ എന്ന ആശങ്കയുണ്ട്. പാസില്ലാതെ ആരെയും കടത്തി വിടില്ലെന്ന നിലപാടിലാണ് പൊലീസ്. കര്‍ശന നിയന്ത്രണത്തിലൂടെ കോവിഡ് വ്യാപനം കുറയ്ക്കാനാവും എന്ന പ്രതീക്ഷയിലാണ് ഭരണ നേതൃത്വം.