വളാഞ്ചേരി: സംസ്ഥാനത്ത് തന്നെ കോവിഡ് കേസുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന മലപ്പുറത്ത് വെന്റിലേറ്റർ ലഭിക്കാതെ കോവിഡ് രോഗി മരണപ്പെട്ടു. മലപ്പുറം പുറത്തൂരിലാണ് ദാരുണസംഭവം. വെന്റിലേറ്റർ കിട്ടാതെ വയോധികയായ കോവിഡ് രോഗി മരണപ്പെടുകയായിരുന്നു. തിരൂർ പുറത്തൂർ സ്വദേശി ഫാത്തിമ(80)യാണ് മരിച്ചത്.
ഫാത്തിമ ഇന്നലെ മുതൽ ഗുരുതരാവസ്ഥയിലായിരുന്നു. ഇവർക്ക് കടുത്ത ശ്വാസതടസ്സം നേരിട്ടിരുന്നു. ആശുപത്രി അധികൃതരും ബന്ധുക്കളും വെന്റിലേറ്ററിനായി പലരേയും ബന്ധപ്പെട്ടെങ്കിലും വെന്റിലേറ്റർ ലഭിച്ചിരുന്നില്ല. തുടർന്ന് ഇന്നലെ രാത്രി തന്നെ ഫാത്തിമ മരണപ്പെട്ടു.
മലപ്പുറത്തെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അത്യാഹിത വിഭാഗങ്ങളിലും കോവിഡ് രോഗികളാൽ നിറഞ്ഞ സാഹചര്യമാണ്. അതുകൊണ്ട് വെന്റിലേറ്റർ കിട്ടാൻ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി വലിയ ബുദ്ധിമുട്ടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ജില്ലയിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലെത്തിയിരുന്നു. 4000ന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികൾ.
Discussion about this post