ഹരിപ്പാട്: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്‌സിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിലാണ് സംഭവം. ഒരു മണിക്കൂറിലധികം റോഡരികില്‍ നിന്ന നഴ്‌സിനെ ഒടുവില്‍ വീട്ടുകാര്‍ എത്തിയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റിലേയ്ക്ക് മാറ്റിയത്.
കരുവാറ്റ സ്വദേശിനിയായ നഴ്‌സിനു ഡ്യൂട്ടിക്കിടയിലാണ് രോഗലക്ഷണം ഉണ്ടായത്. തുടര്‍ന്ന് പരിശോധന നടത്തുകയും ഫലം വന്നപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പുറത്തിറക്കി നിര്‍ത്തുന്ന വിവരം അറിയിച്ചിരുന്നില്ലെന്നും മറ്റുള്ളവര്‍ക്കു പകരാതിരിക്കാന്‍ സഹപ്രവര്‍ത്തകര്‍ ചെയ്തതാകാമെന്നും പരിശോധിച്ചു നടപടി എടുക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധത്തില്‍ സ്വന്തം ജീവന്‍ പോലും പണയംവെച്ച് ആരോഗ്യപ്രവര്‍ത്തകര്‍ പോരാടുന്ന വേളയിലാണ് മനസാക്ഷി മരവിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.