കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയി കനത്ത കടല്‍ക്ഷോഭത്തില്‍ കാണാതായ അജ്മീര്‍ ഷാ എന്ന ബോട്ട് കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. മംഗലാപുരം തീരത്ത് ബോട്ട് കണ്ടെത്തിയെന്നാണ് ലഭിക്കുന്ന വിവരം.
കോസ്റ്റ് ഗാര്‍ഡുമായി ബന്ധപ്പെട്ട് നിയുക്ത ബേപ്പൂര്‍ എംഎല്‍എ പിഎ മുഹമ്മദ് റിയാസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ട് ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കയാണെന്നും എല്ലാവരും സുരക്ഷിതരാണെന്നം മുഹമ്മദ് റിയാസ് അറിയിച്ചു.
കാലാവസ്ഥ അനുകൂലമായാല്‍ കരപറ്റും എന്നാണ് സംസ്ഥാന തീരദേശ പോലീസ് മേധാവി ഐജി പി വിജയന്‍ വിളിച്ചറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മേയ് അഞ്ചിനാണ് അജ്മീര്‍ ഷാ എന്ന ബോട്ട് മീന്‍ പിടുത്തതിനായി ബേപ്പൂരില്‍ നിന്ന് പോയത്. 15 തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ചുഴലിക്കാറ്റിന് മുന്‍പേ തന്നെ ഇതിലെ തൊഴിലാളികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോട്ടിലുള്ളവരെ അറിയിക്കാനും സാധിച്ചിരുന്നില്ല.
അഞ്ചാം തീയതി ബേപ്പൂരില്‍നിന്ന് പോയ മിലാദ് – 03 എന്ന ബോട്ടിനെക്കുറിച്ചും വിവരമില്ലായിരുന്നു. എന്നാല്‍ ഇത് പിന്നീട് ഗോവന്‍ തീരത്ത് കണ്ടെത്തിയിരുന്നു. കരയിലേക്ക് എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. മിലാദ് – 03 എന്ന ബോട്ടും കാലാവസ്ഥ അനുകൂലമായാല്‍ വൈകാതെ കരയിലെത്തുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.
ഇതിടയില്‍ കൊച്ചി വൈപ്പിന്‍ തീരത്ത് നിന്ന് പോയ ആണ്ടവന്‍ തുണ എന്ന ബോട്ടിലെ തൊഴിലാളികള്‍ തിരിച്ചെത്തി. ബോട്ടിലുള്ള എട്ട് പേരാണ് കടമത്ത് ദ്വീപിലേക്ക് തിരിച്ചെത്തിയത്. വലിയ കാറ്റുണ്ടായിരുന്നതിനാല്‍ ബോട്ട് ഉപേക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍ എത്തുകയായിരുന്നു. എന്നാല്‍ ബോട്ടിലുണ്ടായിരുന്ന ഒരാളെക്കുറിച്ച് വിവരമില്ല. മെയ് ഒന്നിനാണ് ലക്ഷദ്വീപിലേക്ക് വൈപ്പിന്‍ തീരത്ത് നിന്ന് ബോട്ട് പോയത്.
Discussion about this post