കട്ടപ്പന: ഇസ്രായേലില്‍ വെച്ച് ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷ് മാലാഖയാണെന്ന് കോണ്‍സുല്‍ ജനറല്‍ ജൊനാദന്‍ സട്ക്ക. സൗമ്യയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൃതദേഹത്തില്‍ പുഷ്പ്പ ചക്രം അര്‍പ്പിച്ച ശേഷം അദ്ദേഹം സൗമ്യയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മകന് അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്കി.
ഇത് വളരെ സങ്കീര്‍ണമായ സമയം ആണ്. ഈ കുടുംബത്തെ സംബന്ധിച്ച് സൗമ്യയുടെ നഷ്ടം അവിശ്വസനീയമാണ്. ഇസ്രായേല്‍ ജനങ്ങള്‍ സൗമ്യയെ ഒരു മാലാഖയായാണ് കണ്ടിരുന്നത്. കുടുംബത്തിന് ഇസ്രായേല്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായും തീവ്രവവാദത്തിന്റെ ഇരയാണ് സൗമ്യയെന്നും സട്ക വ്യക്തമാക്കി.
നിത്യസഹായ മാതാ പള്ളിയില്‍ ഇടുക്കി രൂപതാ ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സൗമ്യയുടെ സംസ്കാരം നടക്കും. ഗവര്‍ണര്‍ക്ക് വേണ്ടി ഇടുക്കി ജില്ലാകളക്ടര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
ബുധനാഴ്ചയാണ് ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടേക്കറായി ജോലിചെയ്യുന്ന ഇസ്രായേലിലെ അഷ്കെലോണ്‍ നഗരത്തിലെ വീടിനു മുകളില്‍ റോക്കറ്റ് പതിക്കുകയായിരുന്നു. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കവെയാണ് സൗമ്യ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Discussion about this post