‘പ്രളയത്തിൽ കൈത്താങ്ങായവരെ കൈവിടില്ല’; കടലാക്രമണത്തിൽ നിരാലംബരായ തീരദേശവാസികൾക്ക് കപ്പ എത്തിച്ച് ആലുവ സ്വദേശിയായ വ്യാപാരി

കൊച്ചി: ചുഴലിക്കാറ്റും കനത്തമഴയും കടലാക്രമണവുമെല്ലാ ംചേർന്ന് ജീവിതം നരകതുല്ല്യമായതോടെ ദുരുതാശ്വാസ ക്യാംമ്പിൽ അഭയം തേടിയ തീരദേശവാസികൾക്ക് കൈത്താങ്ങായി ആലുവ സ്വദേശി. തീരദേശവാസികൾക്ക് ഒന്നര ടൺ കപ്പയെത്തിച്ചാണ് ആലുവ തോട്ടുമുഖം സ്വദേശി ഹസൻ വ്യത്യസ്തനായത്.

വിൽപ്പനയ്ക്കായി വാങ്ങിവെച്ച കപ്പയാണ് നാല് ദുരിതാശ്വാസ ക്യാംപുകളിലേക്ക് ഹസൻ വിതരണം ചെയ്തത്. 2018 ലെ പ്രളയകാലത്ത് തങ്ങളെ സഹായിച്ചവരാണ് തീരദേശവാസികളെന്നും അവരുടെ ബുദ്ധിമുട്ട് കണ്ടപ്പോൾ സഹായിക്കണമെന്ന് തോന്നിയെന്നുമാണ് ഹസൻ പറയുന്നത്.

ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരം വിട്ടെങ്കിലും സംസ്ഥാനത്ത് കടലാക്രമണവും കനത്തമഴയും തുടരുകയാണ്. ചുഴലിക്കാറ്റ് വീശിയടിച്ചതോടെ കടലാക്രമണത്തിൽ നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നു.

മഴക്കെടുതികളിൽ ശനിയാഴ്ച സംസ്ഥാനത്ത് 4 പേർ മരിച്ചു. പലയിടത്തും വീടുകളും കൃഷിയും നശിച്ചു. തിരുവനന്തപുരത്ത് ശംഖുമുഖം എയർപോർട്ട് റോഡ് പൂർണമായി കടലെടുത്തു. തൃശൂരിൽ ചാലക്കുടിപ്പുഴയുടെ തെക്കേക്കരയിൽ മുരിങ്ങൂർ ഭാഗത്തു പുഴയ്ക്കു കുറുകെയുള്ള റെയിൽവേ പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് 4 മണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിൽ മഴയെ തുടർന്ന് പല സർവീസുകളും വഴി തിരിച്ചു വിട്ടു.

ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുകയാണ്. ഗോവയിലെ പനാജിയിൽ നിന്ന് 220 കിലോമീറ്റർ അകലെ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കരയിലേക്ക് കടക്കും.

Exit mobile version