കോഴിക്കോട്: മത്സ്യബന്ധനത്തിനായി ബേപ്പൂരിൽ നിന്ന് പോയ ബോട്ട് കാണാതായതായി പരാതി. 15 പേരുമായി പോയ അജ്മീർ എന്ന ബോട്ടാണ് കാണാതായിരിക്കുന്നത്. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെകുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
അതേസമയം, അഞ്ചാം തിയ്യതി ബേപ്പൂരിൽ നിന്ന് പുറപ്പെട്ട മറ്റൊരു ബോട്ട് ഗോവൻ തീരത്ത് തകരാറിലായെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഈ ബോട്ടിൽ 15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. ഗോവയിൽ കുടുങ്ങിക്കിടക്കുന്ന മിലാദ് എന്ന ബോട്ടിനെക്കുറിച്ച് ഞായറാഴ്ച രാവിലെയാണ് വിവരം ലഭിച്ചത്. ബോട്ടിലുള്ളവരെ രക്ഷിക്കുന്നതിനായി കോസ്റ്റ്ഗാർഡും നാവികസേനയും ഇടപെടണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്.
ഇതോടെ ഇരുബോട്ടുകളിലുമായി 30 തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. ബോട്ടുകളിലെ മുഴുവൻ തൊഴിലാളികളും തമിഴ്നാട് സ്വദേശികളാണ്. കഴിഞ്ഞദിവസം കൊച്ചിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് തമിഴ്നാട്ടിൽ നിന്ന് പോയ ബോട്ടും മുങ്ങിയതായി വിവരം ലഭിച്ചിരുന്നു. ലക്ഷദ്വീപിനടുത്ത് മുങ്ങിയ ബോട്ടിൽ എട്ടു പേരാണ് ഉണ്ടായിരുന്നത്.
Discussion about this post