തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് അർധരാത്രിയോടെ നിലവിൽ വന്ന ട്രിപ്പിൾ ലോക്ക് ഡൗൺ ശരിക്കും ജനങ്ങൾക്ക് ലോക്ക് ആകും. നിയന്ത്രണങ്ങൾ കടുക്കുമെന്ന് തന്നെയാണ് പോലീസ് നൽകുന്ന സൂചന. സോണുകളായിത്തിരിച്ച് നിയന്ത്രണചുമതല ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചിരിക്കുകയാണ്.
ആൾക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താൻ ഡ്രോൺ പരിശോധനയും ക്വാറന്റീൻ ലംഘിക്കുന്നത് കണ്ടെത്താൻ ജിയോ ഫെൻസിങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്റീൻ ലംഘിക്കുന്നവർക്കുമാത്രമല്ല, അതിന് സഹായം നൽകുന്നവർക്കെതിരേയും കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കർശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങൾ ഏതൊക്കെയാണ് നിലവിൽ വരുന്നത് എന്നതുസംബന്ധിച്ച് അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ ഉത്തരവിറക്കും. മറ്റ് പത്ത് ജില്ലയിൽ നിലവിലുള്ള ലോക്ക്ഡൗൺ 23 വരെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ഇടങ്ങളിൽ പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴിമാത്രമേ അനുവദിക്കുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടി നിൽക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, മറ്റ് കോവിഡ് പ്രോട്ടോകോളുകൾ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമനടപടികൾക്ക് വിധേയമാകും.
Discussion about this post