ആലുവ: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ച മധ്യവയസ്കയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാതെ പോലീസില്‍ പരാതി നല്‍കിയതോടെ സ്വര്‍ണം തിരിച്ചുനല്‍കി ആശുപത്രി അധികൃതര്‍ തലയൂരി.
ആലുവ ജില്ലാ ആശുപത്രിയിലാണ് സംഭവം. വരാപ്പുഴ ചിറക്കകം പാക്കത്തുപറമ്പില് പികെ ശശിയുടെ ഭാര്യ രത്നം (66) വെള്ളിയാഴ്ച്ച വൈകിട്ടാണ് ആശുപത്രിയില്‍ മരിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ബന്ധുക്കള്‍ക്ക് രത്നത്തിന്റെ കൈയ്യിലുണ്ടായിരുന്നതെന്ന് പറഞ്ഞ് ഒരു സ്വര്‍ണ വള മാത്രമാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്.
രത്നത്തിന് മക്കളില്ലാത്തതിനാല്‍ മറ്റ് ബന്ധുക്കളാണ് എത്തിയത്. ഈ സ്വര്‍ണം വീട്ടിലെത്തിച്ചപ്പോഴാണ് അഞ്ച് വള, രണ്ട് കമ്മല്‍, ഒരു മോതിരം എന്നിവ ആശുപത്രിയിലേക്ക് പോകുമ്പോള്‍ ശരീരത്തില്‍ ഉണ്ടായിരുന്നതായി ആശുപത്രിയില്‍ നിന്ന് എത്തിയവര്‍ അറിയുന്നത്.
ഇന്നലെ രാവിലെ ഹിന്ദു ഐക്യവേദിയുടെയും സേവാഭാരതിയുടെയും പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി കാര്യങ്ങള്‍ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കുകയും പകര്‍പ്പ് ആലുവ, വരാപ്പുഴ പോലീസ് സ്റ്റേഷനുകളില്‍ നല്‍കുകയും ചെയ്തു.
പരാതിയില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടും ബന്ധുക്കള്‍ സ്വീകരിച്ചു. വിഷയത്തില്‍ ജനപ്രതിനിധികളും ഇടപ്പെട്ടു. ഇതോടെ വെട്ടിലായ ആശുപത്രി അധികൃതര്‍ രണ്ട് മണിക്കൂറിനകം ബാക്കി സ്വര്‍ണാഭരണങ്ങള്‍ സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. ശിവപ്രസാദിനെ വിളിച്ചുവരുത്തി കൈമാറി.
മരണശേഷം സ്വര്‍ണം ഊരിയെടുത്ത് സൂക്ഷിച്ച ജീവനക്കാര്‍ക്ക് സംഭവിച്ച ആശയക്കുഴപ്പമാണ് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഹിന്ദു ഐക്യവേദി വരാപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് രത്നത്തിന്റെ ഭര്‍ത്താവ് ശശി. പികെ ബിജു ഏലൂര്‍, പ്രകാശന് തുണ്ടത്തുംകടവ്, ബാബു അമ്പാട്ടുകാവ് എന്നിവരാണ് വിഷയത്തില്‍ ഇടപ്പെട്ടത്.
Discussion about this post