തിരുവനന്തപുരം: അര്‍ബുദ രോഗബാധിതനായി മരണപ്പെട്ട നന്ദു മഹാദേവയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അസാമാന്യമായ ധീരതയോടെ തന്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകര്‍ന്നുവെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
സ്‌നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചയാളായിരുന്നു നന്ദുവെന്നും അനുശോചനക്കുറിപ്പില്‍ അദ്ദേഹം എഴുതി. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു നന്ദുവിന്റെ മരണം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ് നന്ദു.
ക്യാന്‍സര്‍ ബാധിതനായെങ്കിലും രോഗത്തോടുള്ള പോരാട്ടമാണ് നന്ദുവിനെ എല്ലാവര്‍ക്കും പരിചിതനാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ സമാന അനുഭവത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് വലിയ ധൈര്യമാണ് നന്ദു നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്സ് കൂടിയുള്ള വ്യക്തിയായിരുന്നു നന്ദു മഹാദേവ.
അർബുദ രോഗത്തിനെതിരെ അതിജീവനത്തിൻ്റെ സന്ദേശം സമൂഹത്തിനു നൽകിയ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തൻ്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നു. സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്. കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.