വോട്ടിന് വേണ്ടിയല്ല, പട്ടിണിക്കിടാതെ കാക്കാന്‍; ഇതുവരെ നല്‍കിയത് ഒമ്പത് കോടി അതിജീവന കിറ്റ്, പകര്‍ത്താന്‍ ശ്രമിച്ചിട്ടും മുന്നോട്ട് പോകാനാകാതെ മറ്റ് സര്‍ക്കാരുകള്‍, ഒരേയൊരു മാതൃകയായി കേരളം

free food kit | Bignewslive

മഹാമാരി കാലത്തെ അതിജീവനക്കിറ്റ് ദൗത്യം റെക്കോര്‍ഡ് നേട്ടത്തിലെത്തി. സര്‍ക്കാര്‍ കേരള ജനതയ്ക്ക് ഇതുവരെ നല്‍കിയത് ഒമ്പത് കോടി കിറ്റ്. സാമ്പത്തിക പ്രതിസന്ധിയിലും സാധാരണക്കാരെ ചേര്‍ത്തുനിര്‍ത്തിയുള്ള ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനം കിറ്റ് നല്‍കുന്നത് വോട്ടിന് വേണ്ടിയാണെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടികൂടിയാണ് ഈ റെക്കോര്‍ഡ് നേട്ടം. കോവിഡിന്റെ തുടക്കത്തില്‍ ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതലാണ് ആരും പട്ടിണി കിടക്കരുത് എന്ന ഉറച്ച നിലപാടിന്റെ അടിസ്ഥാനത്തില്‍ കിറ്റ് വിതരണം തുടങ്ങിയത്. സപ്ലൈകോ വഴിയാണ് സര്‍ക്കാര്‍ സൗജന്യ കിറ്റ് വിതരണം മാസങ്ങളായി നടത്തി വരുന്നത്.

അന്ന് കളിയാക്കിയവരും വിമര്‍ശിച്ചവരും ഇപ്പോള്‍ ഈ തീരുമാനത്തിന് കൈയ്യടിക്കുകയാണ്. ഈ മാസത്തേത് അടക്കം മൊത്തം കിറ്റുകളുടെ എണ്ണമാണ് ഏതാണ്ട് 9 കോടിയായത്. ഇതിനായി ഏപ്രില്‍വരെ 4,321.94 കോടി രൂപ ചെലവഴിച്ചുവെന്നാണ് കണക്ക്. കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമായി വന്‍തുക ചെലവഴിക്കേണ്ടതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. എന്നിരുന്നാല്‍ പോലും, രണ്ടാം ലോക്ക്ഡൗണിനെ തുടര്‍ന്ന് വരും മാസങ്ങളിലും കിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചുകഴിഞ്ഞു.

15 ഇനങ്ങള്‍ അടങ്ങിയ കിറ്റ് 84 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കും അഗതി, അശരണ, അനാഥാലയങ്ങള്‍ക്കായി ഒരു ലക്ഷം, വിദ്യാര്‍ഥികള്‍ക്ക് 27 ലക്ഷവും നല്‍കും. കൂടാതെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നേരത്തെ നല്‍കും. ലോക്ഡൗണ്‍ തുടരുന്നത് ദിവസ വരുമാനക്കാരും കൂലിപ്പണിചെയ്തു വാടകവീട്ടില്‍ കഴിയുന്ന അനവധി കുടുംബങ്ങളും താഴേത്തട്ടിലുളളവരും പ്രതിസന്ധിയിലായ ഇടത്തരം കുടുംബങ്ങളും ദൈനംദിന ചെലവിനു നട്ടംതിരിയുന്ന സാഹചര്യമുണ്ടാക്കും. നിശ്ചിത വരുമാനമില്ലാത്ത ഭൂരിഭാഗം കുടുംബങ്ങളും ഇപ്പോള്‍തന്നെ പരാധീനതയിലാണ്. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദന പ്രവാഹമാണ്.

കേരളത്തിന്റെ മാതൃകയില്‍ തമിഴ്‌നാടും കര്‍ണാടകയും മറ്റു ചില സംസ്ഥാനങ്ങളും ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചെങ്കിലും പൊതുവിതരണ സമ്പ്രദായം ശക്തമല്ലാത്തതും റേഷന്‍ കാര്‍ഡുടമകളുടെ എണ്ണക്കുറവു കാരണം സഹായം ആവശ്യമുള്ളവരുടെ പകുതി പേര്‍ക്കുപോലും കിറ്റ് ലഭ്യമാകുന്നില്ലെന്ന് ആക്ഷേപവും ഉയരുന്നുമുണ്ട്. കിറ്റ് വിതരണം തുടരാനാകാതെ നിര്‍ത്തിവെക്കേണ്ട സ്ഥിതിയും മിക്കയിടത്തും കാണാനായതുമാണ്. ഈ മഹാമാരിക്കാലത്ത് ഭക്ഷണം ഉറപ്പാക്കാന്‍ കേരളത്തില്‍ മാത്രമാണ് ഇത്രയും വിപുലമായ ദൗത്യം നടക്കുന്നത്.

17 ഇനം സാധനങ്ങളുമായിട്ടായിരുന്നു കിറ്റിന്റെ തുടക്കം. ഒാണക്കിറ്റും വിഷുഈസ്റ്റര്‍, ക്രിസ്മസ് സ്‌പെഷല്‍ കിറ്റും നല്‍കി. റേഷന്‍ കടകളിലൂടെയും അല്ലാതെയും ഇതുവരെ ഏഴര കോടി കിറ്റുകള്‍ വിതരണം ചെയ്തതായി സപ്ലൈകോ എംഡി പി.എം.അലി അഗ്‌സര്‍പാഷ അറിയിച്ചു. ആദ്യം ബിപിഎല്ലുകാര്‍, പിന്നീട് കോവിഡ് നിയന്ത്രണങ്ങള്‍ തുടര്‍ന്നതോടെ ഞെരുക്കത്തിലായ ഇടത്തരക്കാര്‍. തൊഴില്‍ നഷ്ടപ്പെട്ടതോടെ വരുമാനം നിലച്ചവര്‍ എല്ലാവരും കിറ്റിന്റെ പ്രാധാന്യം ഓരോരുത്തരായി തിരിച്ചറിഞ്ഞു. വരുമാനം നോക്കാതെ എല്ലാവര്‍ക്കും കിറ്റു കിട്ടി.

റേഷന്‍കാര്‍ഡ് ഉടമകള്‍ക്കു മാത്രമല്ല അഗതിമന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കും മുടങ്ങാതെ കിറ്റ് നല്‍കി. 1500 കേന്ദ്രങ്ങളിലായി സപ്ലൈകോയുടെ 15,000 ജീവനക്കാരാണ് കിറ്റുകള്‍ ഒരുക്കുന്നത്. രണ്ടാംതരംഗത്തില്‍ ഒാഫിസുകളിലും ഡിപ്പോകളിലും പലര്‍ക്കും കോവിഡ് ബാധയുണ്ടായപ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയാണ് പാക്കിങ് പൂര്‍ത്തിയാക്കിയത്. മഹാരാഷ്ട്രയിലും മറ്റും തുടര്‍ച്ചയായി ലോക്ഡൗണ്‍ ആയതോടെ പഞ്ചസാരയും മറ്റു ചില സാധനങ്ങള്‍ക്കും ക്ഷാമം നേരിട്ടിരുന്നു.

ഈ പ്രതിസന്ധി മുന്‍കൂട്ടി കണ്ട സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടകയില്‍നിന്നു നേരത്തേ തന്നെ സാധനങ്ങള്‍ സംഭരിച്ചു. എല്ലാ ഗോഡൗണുകളിലും അരി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് അറിയിച്ചു. അങ്കണവാടികള്‍, ഉച്ചഭക്ഷണം കിട്ടിയിരുന്ന വിദ്യാര്‍ഥികള്‍, സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികള്‍ എന്നിവര്‍ക്കും കിറ്റ് ലഭ്യമാക്കി. പുറംപോക്കിലുള്‍പ്പെടെ റേഷന്‍കാര്‍ഡില്ലാതെ താമസിക്കുന്നവര്‍ക്ക് യുദ്ധകാല അടിസ്ഥാനത്തില്‍ താല്‍ക്കാലിക കാര്‍ഡു നല്‍കിയാണ് ഭക്ഷണത്തിന് മുട്ടില്ലാതാക്കിയത്.

വിദ്യാലയങ്ങളില്‍ ഭക്ഷണം മുടങ്ങിയ കുട്ടികള്‍ക്കും അതു കിറ്റായി കിട്ടി. രോഗബാധ കുറഞ്ഞുവന്നതോടെ കിറ്റുവാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും രണ്ടാംതരംഗം രൂക്ഷമായതോടെ കിറ്റ് ബാക്കിവരാതെയായി. നിത്യോപയോഗ വസ്തുക്കള്‍ എത്തിക്കാന്‍ ഗതാഗതതടസം നേരിട്ടപ്പോള്‍ ലോറികളിലെ ഡ്രൈവര്‍ക്കും സഹായിക്കും ഭക്ഷണമെത്തിക്കാനും സപ്ലൈകോ വഴി നടപടി സ്വീകരിച്ചിട്ടുണ്ട്.

കൊവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിയിലും സാധാരണക്കാരെ ചേര്‍ത്ത് പിടിച്ചാണ് ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സുഖം അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന പാവങ്ങള്‍ എന്തുചെയ്യണമെന്ന പരിഹാസ ചോദ്യം സോഷ്യല്‍മീഡിയയില്‍ നിലനിന്നിരുന്നു. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ഇന്ന് കേരളത്തിന്റെ നേട്ടം.

Exit mobile version