പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ രണ്ടിടങ്ങളില്‍ ഗുരുതര പ്രളയസാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. ടൗട്ടേ ചുഴലിക്കാറ്റ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വലിയ രീതിയില്‍ മഴ പെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജല കമ്മീഷന് വിലയിരുത്തിയത്. തുടര്‍ന്ന് പത്തനംതിട്ടയില്‍ മണിമല, അച്ചന്‍കോവില്‍ നദികളില്‍ പ്രളയസാധ്യയുണ്ടെന്ന് ജല കമ്മീഷന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
മണിമലയാര്‍ കല്ലൂപ്പാറ എന്ന സ്ഥലത്ത് അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മീഷന് അറിയിക്കുന്നു. ശനിയാഴ്ച രാവിലെ എട്ട് മണിവരെയുള്ള കണക്കുകള്‍ പ്രകാരം. 6.08 മീറ്റര്‍ ഉയരത്തിലാണ് വെള്ളം ഒഴുകികൊണ്ടിരിക്കുന്നത്. ഇത് അപകട നിലയ്ക്ക് 0.08 മീറ്റര്‍ ഉയരത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അച്ചന്‍കോവിലാറും അപകടനിലയ്ക്ക് മുകളില്‍ ഒഴുകികൊണ്ടിരിക്കുന്നു. തുമ്പമണ്‍ എന്ന പ്രദേശത്തുകൂടിയാണ് നദി അപകടനിലയ്ക്ക് മുകളിലൂടെ ഒഴുകുന്നത്. ശനിയാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 10.5 മീറ്റര്‍ ഉയരത്തിലാണ് നദി ഒഴുകുന്നത്. അപകടനിലയ്ക്ക് 0.50 മീറ്റര്‍ മുകളിലാണ് നദി ഒഴുകുന്നതെന്നും ജലകമ്മീഷന് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രതയോടെ നില്‍ക്കണമെന്നും അധികൃതര്‍ അറിയിക്കുന്നു. കടുത്ത ജാഗ്രതാ നിര്‍ദേശവും നല്‍കുന്നുണ്ട്.
Discussion about this post