ആലപ്പുഴ: ചെത്തിയിറക്കിയ നാലുലക്ഷത്തോളം ലിറ്റര്‍ കള്ള് ഓരോ ദിവസവും മറിച്ചുകളയുന്നു. ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്നാണ് കള്ള് ഒഴുക്കി കളയുന്നത്. ഇതോടെ ചെത്ത് തൊഴിലാളികളും ദുരിതത്തിലായിരിക്കുകയാണ്. 25000ത്തിലധികം വരുന്ന തൊഴിലാളികളാണ് ഇന്ന് ചോദിചിഹ്നമായി നില്‍ക്കുന്നത്.
കോവിഡ് വ്യാപനം തീവ്രമായതിനെത്തുടര്‍ന്ന് കള്ളുഷാപ്പുകളെല്ലാം ഏപ്രില്‍ 26 മുതല്‍ അടച്ചിരിക്കുകയാണ്. ഇതിനു പുറമെ, ലോക്ഡൗണും പ്രഖ്യപിച്ചു. ഇതോടെയാണ് ചെത്തുതൊഴിലാളികള്‍ക്ക് ദുരിതമേറിയത്. മൂന്നുനേരം തെങ്ങില്‍ക്കയറി ചെത്തുനടത്തുന്ന പതിവ് മാറ്റാനാവില്ല. നിര്‍ത്തിയാല്‍ കള്ള് കുലയില്‍നിന്ന് പുറത്തുചാടി തെങ്ങ് നശിച്ചുപോകും.
ലോക് ഡൗണ്‍ ഒരാഴ്ചത്തേക്കുമാത്രമായി പ്രഖ്യാപിച്ചതിനാല്‍ കുല അഴിച്ചുവിട്ടിട്ടുമില്ല. കുല അഴിച്ച് മാട്ടം (കള്ളുവീഴുന്ന കുടം) മാറ്റിയാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാവൂ. എന്നാല്‍, പുതിയതായി ഒരുതെങ്ങ് കള്ളുവീഴുംവിധം പരുവത്തിലാക്കിയെടുക്കാന്‍ ഒരു മാസത്തോളം വേണമെന്നതിനാലാണ് ഇവര്‍ കുലയഴിച്ചുവിടാത്തത്.
നിലവില്‍ തൊഴിലാളികള്‍ തെങ്ങില്‍നിന്ന് കള്ളെടുക്കുന്നുണ്ടെങ്കിലും ഷാപ്പുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഉടമകള്‍ വാങ്ങുന്നില്ലെന്നതാണ് പ്രതിസന്ധിയിലേയ്ക്ക് വീണത്.അതേസമയം, ചെത്തുകാര്‍ക്ക് വില്‍പ്പന നടത്താനുള്ള അവകാശവും ഇല്ല. അതിനാല്‍ ഒഴുക്കിക്കളയുകയല്ലാതെ നിവൃത്തിയില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.