ആ പോരാട്ടം നിലച്ചു; അര്‍ബുദത്തെ ചിരിയോടെ നേരിട്ട് നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

Nandu Mahadeva | Bignewslive

കോഴിക്കോട്: അര്‍ബുദത്തോട് പോരാടി ഒടുവില്‍ 27കാരനായ നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. അതി ജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു.

അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ ധീര പോരാളി കൂടിയായിരുന്നു നന്ദു. ഇതോടെ കൊഴിഞ്ഞുപോയത് അര്‍ബുദത്തോട് മല്ലടിക്കുന്ന ഒരു കൂട്ടര്‍ക്കുണ്ടായിരുന്ന ധൈര്യം കൂടിയായിരുന്നു. അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പുകയരുത് ജ്വലിക്കണമെന്ന ആശയത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന ആളുകൂടിയായിരുന്നു നന്ദു.

മരണ വേദനയിലും ചിരിയോടെ നേരിട്ട് അര്‍ബുദ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു നന്ദു. അവസാന നാളുകളില്‍ പോലും ഒരു ചെറുചിരിയോടെ മാത്രമായിരുന്നു നന്ദു പ്രത്യക്ഷപ്പെട്ടത്. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്ത് സ്വയം മാതൃക കൂടി കാണിച്ചു തരികയായിരുന്നു നന്ദു മഹാദേവ.

Exit mobile version