തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യകിറ്റ് വിതരണം ജൂണ്‍ മാസത്തിലും ഉണ്ടാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ മെയ് 23 വരെ നീട്ടിയെന്ന് അറിയിച്ച മുഖ്യമന്ത്രി ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ മെയ് 16-നുശേഷം ട്രിപ്പിള്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധി മുന്‍കൂട്ടി കണ്ടു കൊണ്ടുള്ള നടപടികളാണ് നമ്മുടെ സംസ്ഥാനം തുടക്കം മുതല്‍ സ്വീകരിക്കുന്നത്. നമ്മുടെ അടുക്കളകളെയാകും കോവിഡ് ആദ്യം ബാധിക്കുക എന്നതിനാല്‍ അതിനെ മറികടക്കുന്നതിനാണ് മുന്‍തൂക്കം നല്‍കിയത്.
അതിന്റെ ഭാഗമാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആവിഷ്‌കരിച്ചത്. ലോക്ഡൗണ്‍ ഘട്ടത്തിലും പിന്നീടും അത് എല്ലാ കുടുംബങ്ങള്‍ക്കും ആയി വിതരണം ചെയ്തു. 85 ലക്ഷത്തോളം കുടുംബങ്ങള്‍ ഭക്ഷ്യക്കിറ്റിന്റെ ഉപഭോക്താക്കളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുകയും ഭക്ഷ്യ വകുപ്പിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഈ മാസവും അത് തുടരുകയാണ്.
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ അരി വിതരണവും ലോക്ഡൗണ്‍ ഘട്ടത്തില്‍ നടത്തി. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ അരി വിതരണം ചെയ്തു. അഗതിമന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്തത്. ഇത്തവണയും അവര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് വലിയ സാമ്പത്തിക ഞെരുക്കം സമീപ മാസങ്ങളില്‍ നേരിട്ടേക്കാമെങ്കിലും ഭക്ഷ്യ കിറ്റ് വിതരണവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഏപ്രില്‍ മാസം വരെയുള്ള കണക്കുപ്രകാരം 4,321.94 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്ന പശ്ചാത്തലത്തില്‍ പദ്ധതിയിലേക്ക് കൂടുതല്‍ തുക വകയിരുത്തും.
ഏപ്രില്‍ മാസം വരെയുള്ള കണക്കുകള്‍ അനുസരിച്ച് 9 കോടി ഭക്ഷ്യ കിറ്റുകളാണ് സംസ്ഥാനം വിതരണം ചെയ്തത്. രണ്ടാം തരംഗത്തില്‍ യാചകര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വേണ്ടി പദ്ധതി വിപൂലീകരിക്കുകയും ചെയ്തിരുന്നു.
റേഷന്‍ കടകള്‍ വഴിയും അല്ലാതെയും ഇതുവരെ ഏഴര കോടി കിറ്റുകള്‍ വിതരണം ചെയ്തതായി സപ്ലൈകോ എംഡി പിഎം അലി അഗ്‌സര്‍പാഷ ചൂണ്ടിക്കാണിക്കുന്നു. അഗതി മന്ദിരങ്ങള്‍, അനാഥാലായങ്ങള്‍ തുടങ്ങി പ്രത്യേക ശ്രദ്ധ വേണ്ട സാമൂഹിക ഇടപെടല്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും കിറ്റ് നല്‍കി വരുന്നുണ്ട്.
17 ഇനങ്ങളുമായിട്ടാണ് ആദ്യ കിറ്റ് പദ്ധതി ആരംഭിക്കുന്നത്. ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്ന മുറയ്ക്ക് മറ്റു സംസ്ഥാനങ്ങളെ മാറി മാറി സമീപിച്ച കേരളം പ്രതിസന്ധി തരണം ചെയ്തുവരികയാണ്.