ചെങ്ങന്നൂര്‍: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ജീവവായുവിനായുള്ള നെട്ടോട്ടത്തിലാണ്. ഓക്സിജന്‍ ലഭിക്കാതെ ഒരു ജീവനും പൊലിയരുതെന്ന കരുതലിലാണ് എല്ലാവരും. ഈ അവസരത്തില്‍ ഓക്സിജന്‍ ലോറി ലക്ഷ്യസ്ഥാനത്ത് എത്തിയ്ക്കാന്‍ ഡ്രൈവറായി ഇരുന്ന ജോയിന്റ് ആര്‍ടിഒ ആണ് സോഷ്യല്‍ലോകത്തിന്റെ കൈയ്യടി നേടുന്നത്.
മാവേലിക്കരയിലെ ജോയിന്റ് ആര്‍ടിഒ മനോജ് എംജിയാണ് ഓക്സിജന്‍ എത്തിയ്ക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. മാവേലിക്കര കുന്നത്തെ ഓക്സിജന്‍ പ്ലാന്റില്‍ നിന്നുളള ഓക്സിജനാണ് മനോജ്, ടിപ്പര്‍ ലോറി ഓടിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്.
ചെങ്ങന്നൂരിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ അടിയന്തിരമായി ഓക്സിജന്‍ സിലണ്ടര്‍ ആവശ്യമാണെന്ന് അറിയിപ്പ് ലഭിക്കുന്നു. എന്നാല്‍, ഓക്സിജന്‍ സിലിണ്ടറുമായി പോകുന്ന ലോറിയുടെ ഡ്രൈവര്‍ എത്തിപ്പെടാനുള്ള സാഹചര്യം ഇല്ലാതായതോടെയാണ് മനോജ് ഈ ഉദ്യമം ഏറ്റെടുത്തത്.
അദ്ദേഹം ടിപ്പറിന്റെ ഡ്രൈവര്‍ സീറ്റിലെത്തുകയും തുടര്‍ന്ന് വാഹനവുമായി മാവേലിക്കരയിലെ ട്രാവന്‍കൂര്‍ ഫാക്ടറിയിലെത്തുകയുമായിരുന്നു. അവിടെ നിന്നും വാഹനത്തില്‍ കയറ്റിയ സിലിണ്ടറുകള്‍ പരമാവധി വേഗത്തില്‍ ചെങ്ങന്നൂരില്‍ എത്തിക്കുകയും അദ്ദേഹവും പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സിലിണ്ടറുകള്‍ വാഹനത്തില്‍ നിന്ന് ഇറക്കുകയുമായിരുന്നു.
ആവശ്യമായ സ്ഥലങ്ങളില്‍ ഓക്സിജന്‍ എത്തിക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കുമെന്ന് കേരള മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പല ജില്ലകളിലും ഇത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post