തിരുവനന്തപുരം: കേരളത്തിന് അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചു.
സംസ്ഥാനത്ത് മെയ് 14, 15 തീയതികളില്‍ ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഓക്സിജന്‍ അടിയന്തരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം പ്രതിദിന ഓക്സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ദിനംപ്രതി 212.34 ടണ്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കാനുള്ള ശേഷിയാണ് കേരളത്തിനുള്ളത്.
ഓക്സിജന്‍ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പ്രതിദിന ആവശ്യം അടുത്ത മൂന്ന് ദിവസത്തിനകം 423.6 ടണ്‍ വരെ ഉയരാം. കേരളത്തിലെ ആശുപത്രികളില്‍ ഇപ്പോഴുള്ള ഓക്സിജന്‍ സ്റ്റോക്ക് 24 മണിക്കൂര്‍ നേരത്തേക്കുപോലും തികയില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ സഹായം അനിവാര്യമാണ്.
കാറ്റും മഴയും ഓക്സിജന്‍ പ്ലാന്റുകളിലേക്കും ഫില്ലിംഗ് സ്റ്റേഷനുകളിലേക്കുമുള്ള വൈദ്യുതിവിതരണം തടസ്സപ്പെടുത്താന്‍ ഇടയുണ്ട്. ഓക്സിജന്‍ വിതരണത്തിന് ഭംഗമുണ്ടാക്കാവുന്ന നിലയില്‍ റോഡ് ഗതാഗതവും തടസ്സപ്പെടാനിടയുണ്ട്. ഓക്സിജന്‍ വിതരണത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ എംപവേഡ് ഗ്രൂപ്പിന്റെ എല്ലാ തീരുമാനങ്ങളും കേരളം പാലിക്കുന്നുണ്ട്. കേരളത്തിന്റെ സ്ഥിതി മോശമായിട്ടും കേന്ദ്ര നിര്‍ദ്ദേശ പ്രകാരം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ ഓക്സിജന്‍ നല്കി വരികയാണെന്നും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ വിഹിതം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തിനുള്ള പ്രതിദിന ഓക്സിജന്‍ വിഹിതം 135 മെട്രിക് ടണ്‍ കൂടി വര്‍ധിപ്പിച്ചിരുന്നു. നേരത്തെ 223 മെട്രിക് ടണ്‍ ആയിരുന്നു.
Discussion about this post