തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശനിയാഴ്ച തീവ്ര ന്യൂനമര്‍ദമായി ഞായറാഴ്ചയോടെ ടൗട്ടേ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് കേരളം ജാഗ്രതയിലാണ്.
റെഡ് അലര്‍ട്ടിനു സമാനമായ തയാറെടുപ്പാണ് സംസ്ഥാനം നടത്തുന്നത്. ലക്ഷദ്വീപിനു സമീപം ചുഴലിക്കാറ്റ് രൂപപ്പെടാനിടയുണ്ടെന്നും കേരള തീരത്ത് ശക്തമായ കാറ്റും മഴയും ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇത് ശനിയാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കും. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും.
കാറ്റിന്റെ ഗതിയെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായ പ്രവചനം നടത്തിയിട്ടില്ല. കേരള തീരത്ത് 80 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച വരെ ഇത് തുടരും. ഞായറാഴ്ച കാറ്റിന് ശക്തികൂടും.
അറബിക്കടലില്‍ രൂപം കൊള്ളുന്ന ചുഴലികള്‍ നേരത്തെ കേരളത്തിനു ഭീഷണി അല്ലായിരുന്നു. കാലാവസ്ഥ വ്യതിയാനവും അറബിക്കടലിന്റെ ഉപരിതല ചൂടു കൂടുന്നതും ചുഴലിക്കാറ്റിന്റെ എണ്ണം കൂടാന്‍ ഇടയാക്കിയിട്ടുണ്ട്. ഇനിയുള്ള കാലത്ത് കേരളം ചുഴലിക്കാറ്റ് ഭീഷണിയില്‍ നിന്ന് മുക്തമാകില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
130 വര്‍ഷത്തിനിടെ 91 ചുഴലിക്കാറ്റുകളാണ് മേയ് മാസത്തില്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപപ്പെട്ടത്. 63 ചുഴലിക്കാറ്റുകള്‍ ബംഗാള്‍ ഉള്‍ക്കടലിലും 28 ചുഴലിക്കാറ്റുകള്‍ അറബിക്കടലിലും മേയ് മാസത്തില്‍ രൂപപെട്ടു. വേനല്‍ക്കാലമായ മാര്‍ച്ച് മേയ് മാസങ്ങളിലും തുലാവര്‍ഷ സീസണിലും (ഒക്ടോബര്‍ ഡിസംബര്‍) ആണ് സാധാരണ ചുഴലിക്കാറ്റുകള്‍ രണ്ടു സമുദ്രങ്ങളിലും രൂപപ്പെടുന്നത്.
1990നുശേഷം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ആകെ 22 ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ മേയ് മാസത്തില്‍ അവസാനമായി ചുഴലിക്കാറ്റ് രൂപപ്പെട്ടത് സൂപ്പര്‍ സൈക്ലോണ്‍ ആംഫന്റെ രൂപത്തിലായിരുന്നു, കഴിഞ്ഞ വര്‍ഷം മേയ് 16-21 വരെ. അറബിക്കടലില്‍ അവസാനമായി ചുഴലിക്കാറ്റു രൂപപ്പെട്ടത് 2018ല്‍. സാഗര്‍ ചുഴലിക്കാറ്റ് മേയ് 16 മുതല്‍ 20വരെയും മേക്നു ചുഴലിക്കാറ്റ് മേയ് 21-27 വരെയും.
കേരളത്തില്‍ ചുഴലിക്കാറ്റ് വീശില്ലെന്നാണ് മെയ് 13ന് പുറത്തുവിടുന്ന മുന്നറിയിപ്പ്. പക്ഷേ, മെയ് 14, 15 തീയതികളില്‍ ന്യൂനമര്‍ദ്ദം കാരണം ശക്തമായ മഴ പെയ്യും. ഇന്ത്യന്‍ എയര്‍ഫോഴ്സ് ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് ഉണ്ടാകും. മഴയുടെ തോത് സാധാരണയോ കൂടുതലോ ആകും എന്നാണ് പ്രവചനം. മെയ് 13ന് അറബിക്കടല്‍ പ്രക്ഷുബ്ധം ആകും എന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ന്യൂനമര്‍ദ്ദവും വേനല്‍ മഴയും കാരണം കേരളത്തില്‍ മഴയും ഇടിമിന്നലും കൂടാനാണ് സാധ്യത. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ 200 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് കാലാവസ്ഥാ വെബ്സൈറ്റ്, വെതര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. സഞ്ചാരപാതയില്‍ 80 കിലോമീറ്റര്‍ വേഗതയാണ് പ്രതീക്ഷിക്കുന്നത്. ഇത് ശനിയാഴ്ച്ചയ്ക്ക് ശേഷം 100 കിലോമീറ്റര്‍ എത്തിയേക്കുമെനനും വെതര്‍ വെബ്സൈറ്റ് പ്രവചിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാഡന്‍ – ജൂലിയന്‍ എന്നറിയപ്പെടുന്ന കാലാവസ്ഥ പ്രതിഭാസവും മഴ കൂടാന്‍ കാരണമാകും.
Discussion about this post