തിരുവനന്തപുരം: പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവില്ലാത്തതിനാൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.
ലോക്ക്ഡൗൺ ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതിദിന കൊവിഡ് വർധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. രണ്ട് ദിവസത്തിനകം കണക്കുകളിൽ കുറവ് വരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതനുസരിച്ചാകും ലോക്ക്ഡൗൺ നീട്ടണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.
സമ്പൂർണ ലോക്ക്ഡൗൺ വൈറസ് വ്യാപനത്തെ എത്രത്തോളം പ്രതിരോധിച്ചെന്നു വരും ദിവസങ്ങളിൽ അറിയാം. ലോക്ക്ഡൗൺ പെട്ടെന്നു പിൻവലിച്ചാൽ വ്യാപനം വീണ്ടും കൂടാനിടയുണ്ട്. ലോക്ക്ഡൗൺ നീട്ടുമോ എന്നതിൽ അവസാനഘട്ടത്തിൽ മാത്രമേ തീരുമാനം ഉണ്ടാകൂവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് മേയ് 16 വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്നത്തേയും നാളത്തേയും കൊവിഡ് കേസുകൾ വിലയിരുത്തിയാകും ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക. കഴിഞ്ഞ ദിവസം 43529 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 29.75 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ലോക്ക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിർദേശം. അതേസമയം സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കാതെ രോഗവ്യാപനം രൂക്ഷമായിടത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. നിലവിൽ 4.32 ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
Discussion about this post