വനിതാ മതില്‍ വര്‍ഗീയ മതില്‍ തന്നെ ! കാര്യങ്ങള്‍ ബോധ്യമായതുകൊണ്ടാണ് മഞ്ജു വാര്യര്‍ നല്‍കിയ പിന്തുണ പിന്‍വലിച്ചത് ; രമേശ് ചെന്നിത്തല

വനിതാ മതിലിനായി സെക്രട്ടേറിയറ്റില്‍ പ്രത്യേക ഓഫീസ് തുറന്നെന്നും ചെന്നിത്തല ആരോപിച്ചു

തിരുവനന്തപുരം: വനിതാ മതില്‍ വര്‍ഗീയ മതില്‍ തന്നെയെന്നും കാര്യങ്ങള്‍ മനസിലാക്കിയതുകൊണ്ടാണ് നടി മഞ്ജുവാര്യര്‍ വനിതാ മതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിനായി ജില്ലാ കളക്ടര്‍മാരെയും ആര്‍ടിഒ മാരെയും സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണന്നും ചെന്നിത്തല പറഞ്ഞു.

വനിതാ മതിലിനായി സെക്രട്ടേറിയറ്റില്‍ പ്രത്യേക ഓഫീസ് തുറന്നെന്നും ചെന്നിത്തല ആരോപിച്ചു. മതേതര വാദികളായ ആരും മതിലില്‍ പങ്കെടുക്കില്ല. പ്രതിപക്ഷത്തെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഒഴിവാക്കിയാണ് സര്‍ക്കാര്‍ നവോത്ഥാന മതില്‍ സൃഷ്ടിക്കാനൊരുങ്ങുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാറിന്റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ നിറം കൈവിന്നിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

Exit mobile version