സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടി ആരംഭിച്ചു; കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി: മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ാട്ടിലെത്തിക്കാനുള്ള നടപടികള്‍ എല്ലാം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇസ്രയേലിലെ ഉദ്യോഗസ്ഥരുമായി നോര്‍ക്ക ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗമ്യയുടെ അകാല വിയോഗത്തില്‍ കുടുംബത്തിന് സഹായകരമാകുന്ന തരത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

അഷ്‌കലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന സൗമ്യ, ഇന്നലെ വൈകിട്ട് ഭര്‍ത്താവ് സന്തോഷുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേല്‍ വനിതയും മരിച്ചു.

കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ട് വയസുകാരനായ മകനുണ്ട്. കഴിഞ്ഞ 7 വര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്യുന്ന സൗമ്യ 2 വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ നാട്ടില്‍ വന്നു മടങ്ങിയത്.

Exit mobile version