കോഴിക്കോട് നിന്നും യുവാവ് ബസ് മോഷ്ടിച്ച് കോട്ടയത്ത് എത്തിയത് ഭാര്യയെയും കുട്ടിയെയും കാണാന്‍

കുമരകം: കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലവില്‍ വന്ന ദിനത്തിലാണ് കോഴിക്കോട് നിന്നും യുവാവ് ബസ് മോഷ്ടിച്ച് കുമരകത്ത് എത്തി പോലീസ് പിടിയിലായത്.
കോഴിക്കോട് ചക്കിട്ടപ്പറമ്പ് സ്വദേശിയായ 30കാരനായ ദിനൂപാണ് സാഹസത്തിന് മുതിര്‍ന്നത്.

അതേസമയം, യുവാവ് ബസ് മോഷ്ടിച്ചത് തിരുവല്ലയിലെ ഭാര്യയെയും കുട്ടിയെയും കാണാനെന്ന് റിപ്പോര്‍ട്ട്. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തുടങ്ങിയ ശനിയാഴ്ച രാത്രിയാണ് യുവാവ് കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ചത്.
നാല് ജില്ലകള്‍ പിന്നിട്ടെങ്കിലും കോട്ടയത്തെ കുമരകത്ത് പോലീസ് പിടികൂടി.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിരുവല്ലയിലുള്ള ഭാര്യയെയും കുട്ടിയെയും കാണാനുള്ള വഴിയടഞ്ഞതോടെയാണ് ദിനൂപ് മറ്റ് മാര്‍ഗങ്ങള്‍ തേടിയത്. കുറ്റ്യാടിയില്‍ ആരുമില്ലാതെ ബസ് കിടക്കുന്നത് കണ്ടു. സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ സ്റ്റാര്‍ട്ടായി. പിന്നീട് ബസുമായി തിരിച്ചു. മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ പോലീസ് പരിശോധന ഉണ്ടായപ്പോള്‍ അതിഥി തൊഴിലാളികളെ കൊണ്ടുവരാനാണെന്ന് കള്ളം പറഞ്ഞു.

എന്നാല്‍, ഞായറാഴ്ച രാവിലെ കുമരകത്ത് എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. കൃത്യമായ രേഖകളൊന്നുമില്ലാതെ ദിനൂപിന്റെ കഥ പൊലീസ് വിശ്വസിച്ചില്ല. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ദിനൂപ് കുറ്റം സമ്മതിക്കുകയായിരുന്നു.

Exit mobile version