തിരുവനന്തപുരം: വീടിനോട് ചേര്‍ന്ന് ശവപ്പെട്ടി കട നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തിയ ഭിന്നശേഷിക്കാരന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് അയല്‍വാസിയുടെ ക്രൂരത. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അരുവിയോട് സ്വദേശി വര്‍ഗീസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വര്‍ഗീസ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
ഇരുകാലുകള്‍ക്കും ചലനശേഷിയില്ലാത്ത വര്‍ഗീസിന് ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി സെബാസ്റ്റ്യനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയാണ് നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ പഞ്ചായത്തിലെ അരുവിയോട് ഭിന്നശേഷിക്കാരന് നേരെ അയല്‍വാസി പെട്രോള്‍ ബോംബ് എറിഞ്ഞത്.
സെബാസ്റ്റിയന്റെ വീടിനോട് ചേര്‍ന്നാണ് വര്‍ഗീസ് ശവപ്പെട്ടിക്കട നടത്തുന്നത്. ഇതിനെതിരെ സെബാസ്റ്റ്യന്‍ പഞ്ചായത്തിലടക്കം നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയിലൊന്നും കഴമ്പില്ലെന്ന് വ്യക്തമാക്കി പരാതി തള്ളുകയായിരുന്നു. ഇതില്‍ അയല്‍വാസിക്ക് വൈരാഗ്യം നിലനിന്നിരുന്നു. ഇന്ന് രാവിലെ വീടിന്റെ ടെറസില്‍ കയറിയ ശേഷം സെബാസ്റ്റ്യന്‍ പെട്രോള്‍ ബോംബ് വര്‍ഗീസിന് നേരെ എറിഞ്ഞത്. സെബാസ്റ്റ്യനെ തടഞ്ഞുവെച്ചനാട്ടുകാര്‍ പോലീസിന് കൈമാറുകയായിരുന്നു.