കൊല്ലം: ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി അഞ്ചംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ദാരുണ സംഭവം. അമ്മയും മൂന്നു മാസവും രണ്ടു വയസ്സും പ്രായമുള്ള രണ്ടു കുട്ടികളും മരിച്ചു. ഗുരുതരാവസ്ഥയില്‍ കണ്ട ഗൃഹനാഥനെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മണ്‍റോത്തുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ വൈ.എഡ്വേര്‍ഡും (അജിത്-40) കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാര്യ വര്‍ഷ (26), മക്കളായ അലൈന്‍ (രണ്ട്), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. അതേസമയം, വിഷം കലര്‍ത്തിയ പാനീയം കുടിക്കാതെ മറിച്ചുകളഞ്ഞ ആറുവയസുകാരി മരണത്തില്‍ നിന്നും കരകയറി.
ഇവര്‍ കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനുസമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കുണ്ടറ മുക്കട രാജാ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായിരുന്നു എഡ്വേര്‍ഡ്. മൂന്നു മാസം പ്രായമായ മകന് ആരവിന് കുടലില്‍ തകരാറുണ്ടായിരുന്നു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു ശേഷം കുടുംബം വാടകവീട്ടിലെത്തിയില്ല. വര്‍ഷയും കുട്ടികളും മുഖത്തലയിലെ വര്‍ഷയുടെ കുടുംബവീട്ടിലായിരുന്നു. രണ്ടു ദിവസം മുന്‍പാണ് എഡ്വേര്‍ഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ചൊവ്വാഴ്ച രാവിലെ ഭാര്യവീട്ടിലെത്തിയ എഡ്വേര്‍ഡ് വര്‍ഷയെ നിര്‍ബന്ധിച്ച് കേരളപുരത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
വര്‍ഷ വീട്ടിലെത്തിയതുമുതല്‍ ഇരുവരും തമ്മില്‍ വഴക്കു നടന്നിരുന്നതായി അയല്‍ക്കാരും പറയുന്നു. സമീപത്തെ രാഷ്ട്രീയപ്രവര്‍ത്തകനെ വിളിച്ചു വരുത്തി ഇവരുടെ ബന്ധുവിന്റെ ഫോണ്‍നമ്പര്‍ നല്കി വിവരമറിയിക്കണമെന്ന് പറഞ്ഞിരുന്നു. വൈകീട്ട് നാലരയോടെ അയല്‍വാസി ഇവര്‍ക്ക് പാലു വാങ്ങി നല്കി. എഡ്വേര്‍ഡ് എത്തി പാലു വാങ്ങി അകത്തേക്കുപോയി. അഞ്ചരയോടെ സ്ഥലത്തെത്തിയ ബന്ധു വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. ഒടുവില്‍ പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്. വര്‍ഷയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലും കുട്ടികളുടെ മൃതദേഹങ്ങള്‍ കുണ്ടറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post