കിഴക്കമ്പലത്ത് കോവിഡ് ബാധിച്ച യുവാവ് പശുത്തൊഴുത്തില്‍ കിടന്ന് മരിച്ചു; കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സാബു ജേക്കബ് അമേരിക്കയ്ക്ക് പറന്നത് ട്വന്റി -ട്വന്റിയുടെ അനാസ്ഥയെന്ന് ധന്യാരാമൻ

കൊച്ചി: കോവിഡ് പ്രതിരോധത്തില്‍ ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ അനാസ്ഥ തുടരുകയാണെന്ന് ആരോപണം ഉയരുന്നു. കോവിഡ് ബാധിച്ച് വീടിന് സമീപത്തെ തൊഴുത്തില്‍ കഴിയേണ്ടിവന്ന യുവാവ് മരണപ്പെട്ടതിന് പിന്നാലെയാണ്
പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ വീണ്ടും ചര്‍ച്ചയാകുന്നത്.

പ്രതിരോധ പവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ കേസെടുക്കണമെന്നാണ് വിവിധതലങ്ങളില്‍ നിന്ന് ഉയരുന്ന ആവശ്യം. ഇപ്പോഴും പഞ്ചായത്തില്‍ എഫ്എല്‍ടിസി ആരംഭിച്ചിട്ടില്ലെന്നും കിറ്റക്സ് സാബു ജേക്കബിന്റെ ഉത്തരവുണ്ടെങ്കില്‍ മാത്രമേ അവിടെ ഒരു തീരുമാനം നടപ്പിലാവൂയെന്നും സാമൂഹ്യപ്രവര്‍ത്തക ധന്യാരാമന്‍ പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കൂട്ടമരണങ്ങള്‍ പഞ്ചായത്തില്‍ കാണേണ്ടി വരുമെന്നും ധന്യാരാമന്‍ പറഞ്ഞു. ഈ വാര്‍ഡിലെ ആശാ വര്‍ക്കര്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്. സാബു ജേക്കബ് ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് അമേരിക്കയിലേക്ക് പോയെന്നും ധന്യ ആരോപിച്ചു.

കിഴക്കമ്പലം മലയിടംതുരുത്ത് ഒന്നാം വാര്‍ഡില്‍ മാന്താട്ടില്‍ എ എന്‍ ശശിയാണ് കഴിഞ്ഞദിവസം തൊഴുത്തില്‍ കിടന്ന് മരിച്ചത്. കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ വീടിനുസമീപത്തെ തൊഴുത്തിലായിരുന്നു ശശി കഴിഞ്ഞിരുന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ കഴിയുന്നതിനിടെ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കാളിക്കുട്ടിയാണ് അമ്മ. ഭാര്യ: സിജ. മകന്‍: രണ്ടരവയസ്സുള്ള സായൂജ്.

യഥാസമയം ചികിത്സ ലഭിക്കാത്തതിനാലാണ് യുവാവ് മരിച്ചതെന്നും പഞ്ചായത്ത് ഭരണസമിതിയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി എടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version